സ്‌പോട്‌സ് ഡെസ്‌ക്
ചരിത്രവും കാലവും ഇന്ത്യയ്ക്ക് അനുകൂലം. പോരാട്ടവീര്യത്തിൽ പാക്കിസ്ഥാൻ ഒരു പിടി മുന്നിലും..! കണക്കുകൾ എത്രകൂട്ടിയാലും.. ആരു വിജയിച്ചാലും ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങൾ എന്നും ആരാധകർക്കു ആവേശത്തിന്റെ തീപ്പൊരിപ്പോരാട്ടങ്ങളാണ്.
ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ ഇന്നു രാത്രി ഏഴിന് ഇന്ത്യപാകിസ്താൻ ഗ്ലാമർ പോരാട്ടം അരങ്ങേറും. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടുന്നത്. 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കഴിഞ്ഞ ഫെബ്രുവരി 15നാണ് അവസാനമായി ഇന്ത്യപാക് പോരാട്ടം നടന്നത്. അന്ന് 76 റൺസിന് വിജയം ഇന്ത്യക്കൊപ്പമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളുടെയും നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെയും പശ്ചാത്തലത്തിൽ പതിവുപോലെ ഇക്കുറിയും ആവേശത്തിന്റെ രസമാപിനി ഉയർത്തുന്ന പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ പാകിസ്താൻ പേസർ മുഹമ്മദ് ആമിറാണ് മത്സരത്തിനു മുമ്പേ ശ്രദ്ധാകേന്ദ്രമാകുന്നത്. ഒത്തുകളി വിവാദത്തെ തുടർന്നുള്ള വിലക്കിനു ശേഷം ന്യൂസിലൻഡിനെതിരായ പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ആമിർ മടങ്ങിയെത്തിയിരുന്നു. ആമിറിനെ ഇന്ത്യക്കെതിരായ പാക് ഇലവനിൽ ഉൾപ്പെടുത്തുമോയെന്നതാണ് ഇപ്പോൾ ഉയരുന്ന മില്യൺ ഡോളർ ചോദ്യം. മികച്ച തയാറെടുപ്പുകളുമായാണ് ഇരു ടീമുകളും ഏഷ്യാ കപ്പിനെത്തിയത്. ഇന്ത്യ ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയയ്ക്കുമെതിരായ പരമ്പര വിജയത്തിനു ശേഷം ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്തു കരുത്തു കാട്ടിക്കഴിഞ്ഞു. ആദ്യ മത്സരം കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ഫോമിലുള്ള ഓപ്പണർ രോഹിത് ശർമയിലും ആദ്യ മത്സരത്തിൽ ലൈനും ലെങ്തും പാലിച്ച് പന്തെറിഞ്ഞ ബൗളർമാരിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ബാറ്റിങ് ഓൾറൗണ്ടറായി തിളങ്ങുന്ന യുവതാരം ഹർദിക് പാണ്ഡ്യ ടീം ഇന്ത്യക്ക് മുതൽക്കൂട്ടാകും. അവസാന ഓവറുളിൽ കൂറ്റനടിക്കു കെൽപുള്ള പാണ്ഡ്യ ചെയ്ഞ്ച് ബൗളറായും മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരേ കാഴ്ചവച്ചത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഓപ്പണർ ശിഖർ ധവാൻ, ഉപനായകൻ വിരാട് കോഹ്ലി, മധ്യനിര താരം സുരേഷ് റെയ്‌ന എന്നിവർക്കും പാകിസ്താനെതിരേ മികച്ച റെക്കോഡാണുള്ളത്. ബൗളിങ്ങിൽ ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ എന്നീ പേസർമാരും ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരുമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. പാർടൈം ബൗളർമാരായ യുവ്രാജും റെയ്‌നയുമുണ്ട്. നായകൻ ഷാഹിദ് അഫ്രീദിയുടെ ഓൾറൗണ്ട് മികവും പരിചയസമ്പത്തുമാണ് പാകിസ്താന്റെ കരുത്ത്. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യമുള്ള പാക് ടീമിൽ അഫ്രീദിക്കൊപ്പം മുൻ നായകന്മാരായ ഷോയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരുടെ സേവനവും ലഭ്യമാണ്. ഹഫീസും യുവതാരം ഷർജീൽ ഖാനുമാകും ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക. അഫ്രീദി, ഷോയ്ബ് മാലിക്, ഉമർ അക്മൽ, എന്നിവർക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സർഫ്രാസ് അഹമ്മദും ഖുറാം മൻസൂറും ബാറ്റിങ് നിരയിൽ ഉണ്ടാകും. സ്പിന്നർ യാസിർ ഷായുടെ അഭാവത്തിൽ നാലു പേസർമാരുമായി പാകിസ്താൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മുഹമ്മദ് സമി, മുഹമ്മദ് ഇർഫാൻ, യുവതാരം അൻവർ അലി എന്നിവർക്കൊപ്പം ആമിറനും അവസരം ലഭിച്ചേക്കും. മുഹമ്മദ് നവാസായിരിക്കും ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നർ. ഇതുവരെ ഒപ്പത്തിനൊപ്പം മിർപ്പൂർ: ഏഷ്യാ കപ്പിൽ ഇതുവരെ കളിച്ച പത്തു മത്സരങ്ങളിൽ അഞ്ചു വീതം ജയവുമായി ഇന്ത്യയും പാകിസ്താനും ഒപ്പത്തിനൊപ്പം. ഒരു മത്സരം മഴയിൽ ഒലിച്ചുപോയി. 1984ലെ പ്രഥമ ടൂർണമെന്റിലാണ് പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യ ജയം. അവസാനത്തേത് 2012ൽ ധാക്കയിൽ നടന്ന ഏഷ്യാ കപ്പിലും. അവസാനം ഇരുവരും ഏറ്റുമുട്ടിയത് 2014 ധാക്ക ഏഷ്യാ കപ്പിലാണ്. അന്നു പക്ഷേ ജയം പാകിസ്താനൊപ്പമായിരുന്നു. എന്നാൽ കിരീട ജയത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. അഞ്ചു തവണ ഇന്ത്യ ജേതാക്കളായപ്പോൾ പാകിസ്താൻ കപ്പുയർത്തിയത് രണ്ടു തവണ മാത്രം.