സ്‌പോട്‌സ് ലേഖകൻ
മിർപൂർ: കുട്ടിക്രിക്കറ്റിലേക്ക് ആദ്യമായി ചുവടുമാറ്റിയ ഏഷ്യൻ പോരാട്ടത്തിന് ബംഗ്‌ളാദേശിൽ ബുധനാഴ്ച പിച്ചുണരും. ഭൂഖണ്ഡം പിടിക്കാനുള്ള ഏറ്റുമുട്ടലിൽ ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്‌ളാദേശ് തുടങ്ങിയ പ്രമുഖർക്കൊപ്പം യോഗ്യത കടമ്പ കടന്നത്തെുന്ന യു.എ.ഇയും പങ്കാളികളാകും. ട്വൻറി20 ലോകകപ്പ് മുന്നിൽക്കണ്ടാണ് ഇത്തവണ ഈ ഫോർമാറ്റിൽ ഏഷ്യ കപ്പ് നടക്കുന്നത്. ആദ്യ പോരിൽ, ലോക ഒന്നാം നമ്പർ ട്വൻറി20 ടീമായ ഇന്ത്യയും വൻപടകളെ കടപുഴക്കുന്നത് ശീലമാക്കിയ ബംഗ്‌ളാദേശും ഏറ്റുമുട്ടുമ്പോൾ ഒന്നാം ദിനം തന്നെ തീപാറുമെന്നുറപ്പ്. ഇന്ത്യൻ സമയം വൈകീട്ട് 6.50 മുതൽ മിർപുർ ഷേര ബംഗ്‌ള സ്റ്റേഡിയത്തിലാണ് ആദ്യ മത്സരത്തിന്റെ ആരവമുയരുന്നത്.
ആശങ്കയുയർത്തി ധോണിയുടെ പരിക്ക്
ട്വൻറി20 ലോകകപ്പിനുള്ള അവസാനവട്ട കളിയൊരുക്കം എന്നനിലയിൽ സമീപിക്കുന്ന ഈ ടൂർണമെൻറിൽ പക്ഷേ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പരിക്കിന്റെ രൂപത്തിൽ പിടികൂടിയ അസ്വസ്ഥതയുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മുതുകിൽ പേശീവലിവുണ്ടായ ധോണിക്ക് കളിക്കാനാകാത്ത സാഹചര്യമുണ്ടായാൽ പകരക്കാരനാകാൻ പാർഥിവ് പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ടീമിനൊപ്പം ഗ്രൗണ്ടിലത്തെിയെങ്കിലും ധോണി പരിശീലനത്തിൽനിന്ന് പൂർണമായും വിട്ടുനിന്നു. ക്യാപ്റ്റൻ കളിക്കുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന വാർത്താസമ്മേളത്തിൽ പങ്കെടുത്ത വൈസ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ തയാറായില്ല. സാധാരണ ഫുട്ബാൾ കളിയും ബാറ്റിങ് പരിശീലനവുമാണ് ധോണി നെറ്റ് സെഷനുകളിൽ നടത്താറുള്ളത്. എന്നാൽ, ഇന്നലെ സഹതാരങ്ങൾ വാംഅപ് ചെയ്യുന്നതും നോക്കി ഗോൾപോസ്റ്റിനപ്പുറം നിൽക്കുകയായിരുന്നു ക്യാപ്റ്റൻ. പാർഥിവ് പട്ടേൽ ഇന്നലെ ഉച്ചക്കുതന്നെ ടീമിനൊപ്പം ചേർന്നെങ്കിലും താരത്തിന് വിശ്രമമനുവദിച്ചു. കുട്ടിക്രിക്കറ്റിൽ പ്രധാന പൊസിഷനുകളിൽ മാറിമാറി ബാറ്റുചെയ്യാനും ഡത്തെ് ഓവറുകളിൽ സിക്‌സുകൾ പറത്തുന്നതിലുമുള്ള കഴിവ് പാർഥിവിന് ഇല്‌ളെന്നിരിക്കെ ധോണി ഫിറ്റ്‌നസ് എത്രയും പെട്ടെന്ന് വീണ്ടെടുക്കേണ്ടത് അനിവാര്യതയാണ്. അതേസമയം, ടോസിനുമുമ്പ് അവസാന ഇലവനെ പ്രഖ്യാപിക്കുന്നതുവരെ ധോണിയുടെ പങ്കാളിത്തത്തിന്റെ കാര്യം എഴുതിത്തള്ളാനാകില്ല. ബംഗ്‌ളാദേശിനെതിരെ ജയവുമായി ടൂർണമെൻറിന് മികച്ച തുടക്കം കുറിക്കാൻ ഫോമിലുള്ള ഇന്ത്യൻ താരങ്ങൾക്ക് കഴിയും എന്നുതന്നെയാണ് വിലയിരുത്തൽ. ട്വൻറി20യിലെ ഇന്ത്യൻ ട്രാക് റെക്കോഡ് ആ വിശ്വാസത്തിന് പിൻബലം നൽകുന്നു.
മുസ്തഫിസുർ: ബംഗ്‌ളാദേശിന്റെ ആയുധം
കഴിഞ്ഞ ജൂണിൽ ഇതേ മണ്ണിൽ ബംഗ്‌ളാദേശിനോട് ആദ്യമായി പരമ്പര തോറ്റതിന്റെ ഓർമകൾ ഇന്ത്യൻ ടീമിനെ വേട്ടയാടാനുണ്ട്. അന്ന് ഇന്ത്യയെ തകർത്തെറിയാൻ ആതിഥേയർക്ക് കരുത്തായ മുസ്തഫിസുർ റഹ്മാൻ എന്ന 20കാരൻ പയ്യൻ തന്നെയാണ് എതിരാളികൾക്കെതിരായ ആയുധമായി ഇത്തവണയും ബംഗ്‌ളാദേശ് ആവനാഴിയിലുള്ളത്. ബാറ്റ്‌സ്മാൻമാർ എത്ര ഗൃഹപാഠം ചെയ്തുവന്നാലും മുസ്തഫിസുറിന്റെ തീപ്പൊരികൾക്ക് മുന്നിൽ വിറക്കുമെന്ന് ബംഗ്‌ളാ ക്യാപ്റ്റൻ മശ്‌റഫെ മൊർതാസ വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. എന്നാൽ, മുസ്തഫിസുറിന്റെ പേസിനെ മാത്രം ആശ്രയിച്ച് ഇന്ത്യയുടെ ലോകോത്തര ബാറ്റിങ്ങിനെ മറികടന്ന് തങ്ങൾക്ക് ജയിക്കാനാകില്‌ളെന്ന ഉത്തമബോധ്യവും ക്യാപ്റ്റനുണ്ട്.