സ്പോട്സ് ലേഖകൻ
ന്യൂഡൽഹി: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷാമിക്ക് ഏഷ്യാകപ്പ് ട്വന്റി20 മത്സരങ്ങൾ നഷ്ടമാകും. ട്വന്റി20 ലോകകപ്പിൽ കളിക്കുന്ന കാര്യവും സംശയത്തിലാണെന്ന് സൂചനകളുണ്ട്.
കഴിഞ്ഞമാസം ഓസ്ട്രേലിയയിൽ നടന്ന ആദ്യ ഏകദിന മത്സരത്തിനിടയിലാണ് ഷാമിക്ക് കണങ്കാലിന് പരുക്കേറ്റത്. തുടർന്ന് ഷാമി നാട്ടിലേക്ക് മടങ്ങിയിരുന്നു. പരുക്കിൽ നിന്നും പൂർണ്ണമായും മുക്തനാകാത്തതിനെത്തുടർന്നാണ് ഏഷ്യാകപ്പ് മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടിവരുന്നത്.
നാല് മുതൽ ആറ് ആഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പരുക്ക് ശരിയാംവണ്ണം ഭേദമാകാൻ കൂടുതൽ സമയം നൽകുകയായിരുന്നു. ഭുവനേശ്വർകുമാറിനെയാണ് ഷാമിക്ക് പകരം ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം നടന്ന ലോകകപ്പിന് ശേഷം ഇതുവരെ ടീമിൽ സ്ഥിരസാന്നിദ്ധ്യമാകാൻ പരുക്കുകൾ ഷാമിയെ അനുവദിച്ചിട്ടില്ല.