സ്‌പോട്‌സ് ലേഖകൻ
ധർമശാല: ലോക ടി20 സൂപ്പർ 10ൽ ഇന്ത്യ കളിക്കുന്ന രണ്ടാം ഗ്രൂപ്പിലേക്ക് ബംഗ്ലാദേശ്. ഫൈനൽ റൗണ്ടിൽ ശേഷിച്ച ഒരു ടിക്കറ്റിനു വേണ്ടി ഒമാനുമായി കണ്ടുമുട്ടിയപ്പോൾ യോഗ്യതാ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ആധികാരികമായിരുന്നു ബംഗ്ലാ വിജയം. മഴ ഇടപെട്ട മത്സരത്തിൽ ഒമാന്റെ ഓവറുകളും ലക്ഷ്യവും വെട്ടിക്കുറച്ചിരുന്നു. ഇതോടെ, ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്താൻ ടീമുകൾക്കൊപ്പം സൂപ്പർ 10 ഘട്ടത്തിൽ ബംഗ്ലാദേശ് കളിക്കും. നാളെ ടൂർണമെന്റിന് തുടക്കമാകും.
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന തമീം ഇഖ്ബാലിന്റെ ഇന്നിങ്‌സിൽ തന്നെ കളിയുടെ ചിത്രം തമാം (സമ്പൂർണം) ആയിരുന്നു. 63 പന്തിൽ തമീം 103 റൺസടിച്ചപ്പോൾ ബംഗ്ലാദേശ് രണ്ടിന് 180 എന്ന കൂറ്റൻ സ്‌കോറാണ് അടിച്ചെടുത്തത്. സാബിർ റഹ്മാൻ 26 പന്തിൽ 44 റൺസെടുത്ത സാബിർ റഹ്മാൻ മികച്ച പിന്തുണ നൽകി. ശാക്കിബുൽ ഹസൻ ഒമ്പതു പന്തിൽ 17 റൺസുമായി പുറത്താകാതെ നിന്നു.
അഞ്ചു സിക്‌സറും പത്ത് ഫോറും അടങ്ങുന്നതായിരുന്നു തമീം വെടിക്കെട്ട്. ഒമാന് ഒരു ഘട്ടത്തിലും പിടിച്ചു നിൽക്കാനായില്ല. കൂറ്റൻ സ്‌കോർ പിന്തുടർന്ന ഒമാൻ 7.4 ഓവറിൽ മൂന്നിന് 44 എന്ന ഘട്ടത്തിൽ നിൽക്കേയാണ് മഴയെത്തിയത്. തുടർന്ന് 16 ഓവറിൽ 152 റൺസായി ലക്ഷ്യം പുതുക്കി നിശ്ചയിച്ചു.