ദിസ്പൂര്‍: വളരെയധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഒന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക നാഷണല്‍ രജിസ്റ്ററി ഒഫ് സിറ്റിസണ്‍ അസം പുറത്തിറക്കിയത് വന്‍ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. അസമിലെ 3.29 കോടി അപേക്ഷകരില്‍ 2.89 കോടിപേര്‍ മാത്രമേ കരട് പട്ടികയില്‍ ഇടം നേടിയുള്ളൂ എന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. 40 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്നും പുറത്തായത് ഗൗരവമേറിയ കാര്യമാണ്.
അതേസമയം, അസമിലെ മുസ്ലിംങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തെളിവായി ഹാജരാക്കാനുളള രേഖകള്‍ ഇല്ലെന്ന കാരണം കാട്ടിയാണ് തങ്ങളെ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല പൗരത്വം തെളിയിക്കാന്‍ കൃത്യമായ അവസരം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുളള നടപടികളൊന്നും തന്നെ സ്വീകരിക്കില്ലെന്ന് നാഷണല്‍ രജിസ്റ്ററി ഒഫ് സിറ്റിസണ്‍ അധികാരികള്‍ വ്യക്തമാക്കി.
1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൗരത്വ രജിസ്‌ട്രേഷന്‍ പട്ടിക ബാധിക്കുക. കഴിഞ്ഞ ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ കരട് പട്ടിക പുറത്ത് വിട്ടിരുന്നത്.
ജൂണ്‍ 30 ആയിരുന്നു പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന അവസാന തീയതി. എന്നാല്‍ സംസ്ഥാനത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇത് ഒരുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു.