![](https://dailyindianherald.com/wp-content/uploads/2016/05/KOTYAYAMM.png)
കോട്ടയം: പെരുമാറ്റത്തില്‍ സംശയം തോന്നിയെന്നു പറഞ്ഞു നാട്ടുകാര്‍ പൊരിവെയിലത്തു കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി കൈലാസ് ജ്യോതി ബെഹ്റയാണു മരിച്ചത്.
ചിങ്ങവനത്താണു സംഭവം. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വന്ന നിലയിലായിരുന്നു കൈലാസ് ജ്യോതിയെ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ലെന്നാണു പൊലീസ് പറയുന്നത്.
പൊരുവെയിലത്ത് ഒരുമണിക്കൂറോളമാണ് ഇയാളെ കെട്ടിയിട്ടിരുന്നത്. പെരുമാറ്റത്തില്‍ സംശയം ആരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടിച്ച് കെട്ടിയിട്ടത്. വെയിലത്ത് ഒരു മണിക്കൂറോളം കഴിഞ്ഞ തൊഴിലാളി അവശനിലയിലായപ്പോഴാണു പൊലീസ് എത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അന്വേഷണം നടന്നു വരികയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നുമാണു പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാള്‍ പലവീടുകളിലും ഒളിഞ്ഞു നോക്കിയതിനാണ് നാട്ടുകാര്‍ പിടികൂടിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് പറയുന്നു.