പിറവം: പ്രാര്‍ത്ഥനയ്ക്ക് കണ്ടുമുട്ടിയ യുവതിയുമായി പ്രണയത്തിലായ പാസ്റ്ററിനെതിരെ പീഡനത്തിന് കേസെടുത്തു. സ്വകാര്യ ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് പാസ്റ്റര്‍ക്കെതിരെ പിറവം പൊലീസ് കേസെടുത്തിരിക്കുന്നത്. കിളിമാനൂര്‍ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാമലശേരി സ്വദേശിയായ പാസ്റ്ററാണ് ആരോപണവിധേയകന്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് യുവതി പാസ്റ്ററുമായി പരിചയപ്പെടുന്നത്. പ്രാര്‍ത്ഥനാവേളയില്‍ എത്തിയപ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ച് ജീവിക്കുകയായിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന സമയത്താണ് പരാതിക്കിടയായ സംഭവം നടന്നത്.
ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലരോടൊപ്പവും പോകാന്‍ നിര്‍ബന്ധിച്ചതായി പരാതിയിലുണ്ട്. എതിര്‍ത്തപ്പോള്‍ മര്‍ദനമേല്‍ക്കേണ്ടി വന്നു.
പലപ്പോഴായി ഏഴു പവന് സ്വര്‍ണവും രണ്ടു ലക്ഷം രൂപയോളം രൂപയും തട്ടിയെടുത്തു. ഒപ്പമുള്ള നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. പാസ്റ്റര്‍ ഒളിവിലാണെന്ന് സിഐ പി.കെ.ശിവന്‍കുട്ടി പറഞ്ഞു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം നടത്തുന്നുണ്ട്.