ക്വലാലംപുര്‍:ഇന്ത്യയിൽ എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാറിനെ കൂടുതൽ സുതാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോദി മലേഷ്യയിൽ പറഞ്ഞു. ആസിയാൻ ഉച്ചകോടിക്കെത്തിയ മോദി ക്വാലലംപൂരിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു. സർക്കാറും ജനങ്ങളും തമ്മിലുള്ള ബന്ധത്തിൽ മാറ്റം വരികയാണ്. എല്ലാ മേഖലയിലും അഴിമതി ഇല്ലാതാക്കും. നാനാത്വത്തിൽ നിന്ന് ഇന്ത്യ ശക്തി നേടുന്നുണ്ടെന്നും മോദി പറഞ്ഞു.ഭീകര പ്രവര്‍ത്തനത്തിനെതിരെ സൈനിക നടപടികള്‍ മാത്രം പോര, ഒരു രാജ്യവും ഭീകരതയെ ഒരുതരത്തിലും തുണയ്ക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി നിലപാട് ആവര്‍ത്തിച്ചു.
പരീസിലും അങ്കാറയിലും ബെയ്‌റൂട്ടിലും മാലിയിലും റഷ്യന്‍ വിമാനത്തിലും ഭീകരര്‍ നടത്തിയ കിരാതമായ ആക്രമണം കാണിക്കുന്നത് ഭീകരതയുടെ നിഴല്‍ സമൂഹങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും പരിയായി ലക്ഷ്യവും പ്രവര്‍ത്തനവും വ്യാപിച്ചിരിക്കുന്നുവെന്നാണ്. രാഷ്ട്രീയ പരിഗണനകളില്ലാതെ, ഭീകരതയെ നേരിടാന്‍ പുതിയ തന്ത്രങ്ങളും സംവിധാനങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യവും ഭീകരതയെ പിന്തുണയ്ക്കുകയോ വിനിയോഗിക്കുകയോ ചെയ്യരുത്. ഇതിന് നാം നമ്മുടെ സമൂഹത്തില്‍ നമ്മുടെ യുവാക്കളെ ഒപ്പം ചേര്‍ത്ത് പ്രവര്‍ത്തിക്കണം. ഭീകരതയെ മതത്തില്‍നിന്നു വേറിട്ടുകാണാനും മാനവികത കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഭാരതത്തിന് പല മേഖലകളിലും ഒന്നാം സ്ഥാനമോ പ്രമുഖ സ്ഥാനമോ ഉണ്ട്. എന്നാലും നാം ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. എന്റെ സര്‍ക്കാര്‍ ഭാരതത്തിന്റെ പുരോഗതിക്കായാണ് അധികാരമേറ്റത്. ഇത് എളുപ്പമല്ല, 125 കോടി ജനത, 500 പ്രമുഖ നഗരങ്ങള്‍. എങ്കിലും മാറ്റത്തിന്റെ ചക്രങ്ങള്‍ ഉരുണ്ടുതുടങ്ങി. ജനങ്ങള്‍ അതില്‍ പങ്കുചേരുമെന്നുറപ്പുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും മാറ്റം കാണുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉണര്‍വുണ്ട്. സര്‍ക്കാര്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നു. പുരോഗമനപരമായ നയങ്ങള്‍ നടപ്പാക്കുന്നു, വ്യക്തികളോട് ഒരു വേര്‍തിരിവും കാട്ടുന്നില്ല. ഇപ്പോള്‍ സംസ്ഥാനങ്ങള്‍തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നു, മോദി വിശദീകരിച്ചു.
സാമ്പത്തിക മേഖല നോക്കിയാല്‍ മലേഷ്യയാണ് മികച്ച ഭാരത പങ്കാളി. ഇവിടെ 150 ഭാരതീയ കമ്പനികളുണ്ട്. 50 ഭാരതീയ ഐടി കമ്പനികളും. മലേഷ്യയിലേക്കാണ് ഭാരതത്തില്‍നിന്ന് ടൂറിസ്റ്റുകള്‍ഏറ്റവും കൂടുതല്‍ വരുന്നത്. ആഴ്ചയില്‍ 170 വിമാന സര്‍വീസുകളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്.
മലേഷ്യയില്‍ ഭാരതം ഒമ്പത് വിസാ കളക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഒരു ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 8000 ഭാരതീയര്‍ക്ക് തൊഴില്‍ നഷ്ടമായപ്പോള്‍ തിരികെ കൊണ്ടുപോയി. 1954-ല്‍ ഇന്ത്യാ-സ്റ്റുഡന്റ് ട്രസ്റ്റ് ഫണ്ട് നിലവില്‍വന്നതാണ്. മലേഷ്യയും ഭാരതവും പരസ്പരം വിദ്യാഭ്യാസ ഡിഗ്രി അംഗീകരിക്കാന്‍ നടപടിയെടുക്കണം. ഞാന്‍ നാളെ പ്രധാനമന്ത്രി നജീബുമായി കാണുമ്പോള്‍ ഈ വിഷയങ്ങള്‍ ഉയര്‍ത്തും, മോദി പറഞ്ഞു.
ഭാരത സ്വാതന്ത്ര്യസമരത്തില്‍ മലേഷ്യക്കാര്‍ ഭാരതത്തിനൊപ്പം നിന്നു പോരാടിയിട്ടുണ്ടെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി മോദി, മുഴുവന്‍ ഭാരതീയര്‍ക്കും വേണ്ടി, ആ മലയ്-ഭാരതീയരെല്ലാവരേയും പ്രണമിക്കുന്നുവെന്ന് പറഞ്ഞു.
രണ്ടാം ലോകയുദ്ധത്തില്‍ പങ്കാളികളായി മലേഷ്യയില്‍ ജീവന്‍ വെടിഞ്ഞ നിരവധി ഭാരത സൈനികര്‍ക്കും ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. കോലാലംപൂരില്‍ മലേഷ്യന്‍ സര്‍ക്കാരുമായി സഹകരിച്ച് യുദ്ധ സ്മാരകം ഉണ്ടാക്കുന്നതിന് ഭാരതം തയ്യാറാണെന്നും മോദി പറഞ്ഞു. മലേഷ്യ നേതാജിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടപോലെ മഹാത്മജിയും ഇവിടത്തുകാരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 2001-ല്‍ എന്റെ സംസ്ഥാനത്ത് ഭൂകമ്പ ദുരന്തമുണ്ടായപ്പോള്‍ നിങ്ങള്‍ നല്ലൊരു തുക പിരിച്ച് ദുരിതബാധിതരെ സഹായിച്ചു. ഇങ്ങനെ വിവിധ തരത്തില്‍ നിങ്ങള്‍ ഭാരതീയരുടെ ഹൃദയത്തില്‍ ജീവിക്കുന്നു, മോദി പറഞ്ഞു.