സ്വന്തം ലേഖകൻ
തൊടുപുഴ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ സംസ്ഥാനത്ത് കെട്ടി കിടക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അതിക്രമ കേസുകളുടെ എണ്ണം 9382. ഇവയാണ് അധികവും കോടതി കാണാതെ കെട്ടി കിടക്കുന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ സെഷൻസ് കോടതികളെ പോക്‌സോ നിയമ പ്രകാരം പ്രത്യേക കോടതികളാക്കി മാറ്റി ഇവിടങ്ങളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരായി നിയമിക്കുകയും ചെയ്തിരിന്നു. എന്നാൽ ഈ കോടതികളിലെ കേസുകളുടെ ബാഹുല്യവും ജില്ല ജഡ്ജിമാരുടെ കോടതി ഭരണ ചുമതലകളും മൂലമാണ് കേസുകൾ പരിഗണിക്കുന്നതിൽ കാലതാമസമുണ്ടായത്.
വിവിധ മേഖലകളിൽ നിന്നുള്ള അപേക്ഷകളെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഒന്നാം അഡീഷണൽ ജില്ലാ കോടതികളെ ചിൽഡ്രൻസ് കോടതികളായി ഹൈക്കോടതി നിശ്ചയിച്ച് ഉത്തരവിറക്കി. എന്നാൽ ഇത്തരം കോടതികളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരുടെ നിയമനം കുറവാണ്. ഇതാണ് കേസ് നടത്തിപ്പിനു ഇപ്പോഴുള്ള കാലതാമസം വരാൻ കാരണം. രാഷ്ട്രീയ സമ്മർദ്ദമാണ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനു തടസമെന്നും ആരോപണം ഉയരുന്നുണ്ട്.
ഏഴും, എട്ടും വർഷങ്ങൾക്കു ശേഷമാണ് ഇത്തരത്തിലുള്ള കേസുകളിൽ പലതും കോടതികളിലെത്തുന്നത്. വർഷങ്ങൾക്കു ശേഷം കേസിന്റെ ഗൗരവം കുറയുന്നതോടെ പലതും സാമ്പത്തിക ലാഭത്തിനു വേണ്ടി പിൻവലിക്കപ്പെടുന്നു. പലപ്പോഴും ഇത്തരത്തിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപെടുകയാണ്. വർഷങ്ങൾക്കു മുൻപ് പീഡനത്തിനു ഇരയായ പെൺകുട്ടിയെ വീട്ടുകാർ വിവാഹം കഴിച്ചയച്ചു. അടുത്തയിടെയാണ് കുട്ടിയോട് കോടതിയിൽ ഹാജരാകാൻ പറഞ്ഞുകൊണ്ടുള്ള സമൻസ് കിട്ടുന്നത്. ഈ വിവരങ്ങളൊന്നും ഭർത്താവിനു അറിയില്ല. ഇതോടെ ഈ പെൺകുട്ടി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്.
കുട്ടികൾക്കെതിരെ 2014ൽ 709 പീഡനക്കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2015 മുതൽ നാളിന്നുവരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം 660 ആണ്. ഇങ്ങനെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലാണ് നടപടികളൊന്നും ആകാതെ സംസ്ഥാനത്തെ വിവിധ കോടതികളിൽ കെട്ടികിടക്കുന്നത്. പോക്‌സോ ചട്ടപ്രകാരമുള്ള കേസുകളുടെ മേൽനോട്ടം സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനാണ്.
സ്‌പെഷ്യൽ കോടതികൾ കുറ്റകൃത്യം നടന്നതിനു ശേഷം 30 ദിവസത്തിനുള്ളിൽ കുട്ടിയുമായി ബന്ധപെട്ടുള്ള തെളിവിന്റെ ഭാഗങ്ങൾ രേഖപെടുത്തേണ്ടതാണ്. പല കേസുകളിലും കൃത്യ സമയത്ത് ചാർജ് ഷീറ്റ് നൽകുന്നതിലുള്ള വീഴ്ചയും കേസുകൾ നീണ്ടു പോകുന്നതിനു മറ്റൊരു കാരണമാണ്. സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടി കിടക്കുന്ന കേസുകൾ ഉടൻ വിചാരണക്ക് എടുക്കണമെന്നും പുതിയ പബ്ലിക് പ്രോസിക്യൂട്ടർമാറെ നിയമിച്ചു കൊണ്ടുള്ള വിഞ്ജാപനം ഇറക്കണമെന്നും ആവശ്യം ശക്തമാണ്.