മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു; വിടവാങ്ങിയത് സമുന്നതനായ ബിജെപി നേതാവ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ.ബി. വാജ്‌പേയി അന്തരിച്ചു. 93 വയസ്സുള്ള വാജ്‌പേയിയെ കഴിഞ്ഞ ജൂണ്‍ 11 നാണ് കിഡ്‌നിയില്‍ അണുബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2004-ല്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂര്‍ണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.

മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്‌പേയി, ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഭരണത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്. 1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999-2004 കാലത്ത് പ്രധാനമന്ത്രിയായി അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടുവര്‍ഷം വിദേശകാര്യ മന്ത്രിയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1924 ഡിസംബര്‍ 25ന് മധ്യപ്രദേശിലെ ഗ്വാളിയറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. കാന്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ എംഎ നേടിയശേഷം നിയമപഠനത്തിനു ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കും മുന്‍പ് സ്വാതന്ത്യ്രസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലില്‍ കിടന്നു. 1951ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായി. 1968 മുതല്‍ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി.

1977ല്‍ ജനതയില്‍ ലയിച്ച ജനസംഘം പിന്നീട് 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയായി പുനര്‍ജനിച്ചപ്പോള്‍ വായ്പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്പേയി. അറിയപ്പെടുന്ന കവിയും. 1977 ല്‍ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായിരുന്നപ്പോള്‍ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീടും കവിതകള്‍ പുറത്തുവന്നു.

Top