തിരുവനന്തപുരം: ദുബായ് ജയിലില്‍ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന് വീണ്ടും തിരിച്ചടികള്‍. കേരളത്തിലെ കോടികളുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ ബാങ്കുകള്‍ തീരുമാനിച്ചതോടെ കേരളത്തിലെ സ്ഥാപനങ്ങളും അറ്റ്‌ലസ് രാമചന്ദ്രന് നഷ്ടപ്പെടുകയാണ്. കേസിനു മീതെ കേസായി ദുബായിലെ അഴിക്കുള്ളില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായ അറ്റലസ് രാമചന്ദ്രന് കേരളത്തിലെ സ്വത്തുക്കള്‍ കൂടി ഇല്ലാതാകുന്നത് കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കും.
വായ്പാ കുടിശ്ശികകള്‍ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ജൂവലറിയുടെ ബഹുനില കെട്ടിടം ലേലത്തിന് വച്ചിരിക്കുകയാണ്. അറ്റ്‌ലസ് ജൂവലറിയുടെ പേരില്‍ രാമചന്ദ്രന്‍ വായ്പയെടുത്ത തുക മുതലും പലിശയുമായി 284 കോടിയില്‍പ്പരം രൂപയായിക്കഴിഞ്ഞതോടെയാണ് ബാങ്ക് ലേലത്തിന് ഒരുങ്ങുന്നത്. ഇതിനായി പത്രങ്ങളില്‍ പരസ്യവും നല്‍കിക്കഴിഞ്ഞു.
നോട്ടീസുകള്‍ അയച്ചിട്ടും പണം അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ബാങ്ക് അറ്റാച്ച് ചെയ്ത വസ്തുക്കളാണ് ലേലം ചെയ്യുന്നത്. വഞ്ചിയൂര്‍ വില്ലേജില്‍പ്പെട്ട 14 സെന്റ് സ്ഥലവും കെട്ടിടവുമുള്‍പ്പെടെ മാര്‍ച്ച് ഒമ്പതിന് ലേലം ചെയ്യുമെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നു. 13 കോടിയില്‍പ്പരം രൂപയാണ് അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്. ബാങ്കിന് മൊത്തത്തില്‍ ലഭിക്കാനുള്ള തുക ഈടാക്കുന്നതിനായി തിരുവനന്തപുരത്തേതിന് പുറമെ നെടുമ്പാശ്ശേരി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ വസ്തുവകകളും ബാങ്ക് ലേലം ചെയ്യും. തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്തുള്ള കെട്ടിടമാണ് അറ്റ്‌ലസിന് ഇതോടെ നഷ്ടപ്പെടുന്നത്. ശ്രീപത്മനാഭ ക്ഷേത്ര പരിസരത്ത് പത്മതീര്‍ത്ഥം വടക്കേക്കരയില്‍ നിന്നും ശ്രീപാദം ബില്‍ഡിംഗിലേക്കുള്ള വഴിയിലെ കെട്ടിടമാണിത്. ഇത്തരത്തില്‍ കേരളത്തിലെ മറ്റ് സ്വത്തുക്കളും അറ്റാച്ച് ചെയ്യാന്‍ ലോണെടുത്ത ബാങ്കുകള്‍ നടപടി തുടങ്ങിയിട്ടുണ്ട്
അതേസമയം, ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ യുഎഇയിലെ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍വാസം 40 വര്‍ഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലില്‍ തന്നെ അവസാന നാളുകള്‍ സ്വര്‍ണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് വിവരം. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായത്. എന്നാല്‍ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോള്‍ തടവ് ശിക്ഷയുടെ കാലം നാല്‍പ്പതുകൊല്ലം കഴിയുമെന്നാണ് വിലയിരുത്തല്‍. ഇതറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രന്‍ ആകെ തളര്‍ന്നു പോയി. അറ്റ്‌ലസ് രാമചന്ദ്രനെതിരായ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളര്‍ത്തുകയാണ്.
രാമചന്ദ്രന്‍ ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവില്‍ കഴിഞ്ഞ ശേഷം ജയില്‍ മോചിതനായ അഫ്ഗാന്‍ സ്വദേശി അസ്ഖര്‍ ഭായ് കഴിഞ്ഞദിവസം വ്യക്തമാക്കിയതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജയില്‍വാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലില്‍ രാമചന്ദ്രന്‍ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാര്‍ക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രന്‍ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായി. നാല്‍പ്പതുകൊല്ലം അകത്ത് കിടക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിന് കാരണം. വളരെ ദയനീയമാണ് രാമചന്ദ്രന്റെ സ്ഥിതിയെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ തളര്‍ത്തിയെന്ന് വേണം മനസ്സിലാക്കാനെന്നും അസ്ഖര്‍ ഭായ് പറഞ്ഞിരുന്നു. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാന്‍ പണമില്ലാതെ ജയില്‍ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി ഇപ്പോള്‍.
കൈവശം പണമുള്ള തടവുകാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാര്‍ക്ക് ദുബായ് ജയിലധികൃതര്‍ അനുവദിക്കാറുണ്ട്. കടുത്ത പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ലെന്നതാണ് വസ്തുത. ഭര്‍ത്താവും മകളും ജയിലിലായതോടെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ഒന്നും ചെയ്യാനാകുന്നില്ല. ദുബായിലേക്ക് വരാനാകാത്ത മകനും രാമചന്ദ്രനെ സഹായിക്കാനാവുന്നില്ല. രാമചന്ദ്രന്‍ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ലെന്നതും രാമചന്ദ്രനെ തളര്‍ത്തിയിരിക്കുകയാണ്. ജയിലിലായ രാമചന്ദ്രനെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ പ്രവാസി വ്യവസായി സമൂഹവും ശ്രമം നടത്തിയിരുന്നെങ്കിലും ആയിരം കോടിയില്‍പ്പരം രൂപയുടെ കടബാധ്യത തീര്‍ക്കാനാവില്ലെന്ന് വന്നതോടെ അവരും പിന്‍വാങ്ങിയിരുന്നു. ഈ ദുരവസ്ഥകള്‍ക്കെല്ലാം പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലെ ആസ്തികളും ഇപ്പോള്‍ ലേലത്തിലേക്ക് നീങ്ങുന്നത്.
അറ്റ്‌ലസ് സ്ഥാപനങ്ങളുടെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനെത്തുടര്‍ന്ന് ദുബായിലെ റിഫ, ബര്‍ദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 18 ന് മകള്‍ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിര്‍ഹമാണ് (1100 കോടി രൂപ) ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകള്‍ക്കായി നല്‍കാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിയമനടപടി നേരിട്ട ഇരുവരും നവംബറില്‍ ജയിലഴിക്കുള്ളിലായി.
ഗള്‍ഫിലെ കേസുകള്‍ക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരില്‍ അറ്റ്‌ലസ് ഗ്രൂപ്പ് നടപടികള്‍ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വര്‍ണം, ആശുപത്രി, റിയല്‍എസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളര്‍ന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം ഇല്ലാതാവുകയാണ്. കേരളത്തിലേതിന് പുറമെ ഗള്‍ഫില്‍ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്‌ലസ്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിങ്‌സ്, 2 ഹരിഹര്‍ നഗര്‍, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചര്‍ച്ചയായി.
ആരെയും അമ്പരപ്പിക്കുന്ന രീതിയില്‍ വളര്‍ന്ന സ്ഥാപനമായിരുന്നു അറ്റ്‌ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രന്‍ എസ്ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റില്‍ അറ്റ്‌ലസ് ജൂവലറി തുടങ്ങിയത്. 30 വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളര്‍ന്നുപടര്‍ന്നു. ഇതിനിടെയാണ് സിനിമാ നിര്‍മ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.
അസൂയാവഹമായ വളര്‍ച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്കുള്ള അറ്റലസിന്റ നീക്കമായിരുന്നു. ഓഹരിവിപണിയില്‍ കോടികള്‍ നഷ്ടപ്പെട്ട രാമചന്ദ്രന് ഒരിക്കലും തിരച്ചുകേറാന്‍ കഴിയാത്തവിധമുള്ള പ്രതിസന്ധികളാണ് പിന്നീട് നേരിട്ടത്.