സ്വന്തം ലേഖകൻ
കാക്കനാട്: വാഴക്കാലയിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ എ.ടി.എമ്മിൽ കവർച്ചാശ്രമം നടത്തിയ രണ്ടംഗസംഘത്തിലെ ബംഗാളിയെ പങ്കാളി കൊലപ്പെടുത്തി. ബംഗാൾ സ്വദേശി മുഹമ്മദ് ഇമ്രാൻ(35) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സഹൻപൂർ സ്വദേശി മുഹമ്മദ് മുർസ്‌ലിൻ അൻസാരി(32) പിടിയിലായി. എ.ടി.എം. കവർച്ചയുമായി ബന്ധപ്പെട്ടു പിടിയിലായ അൻസാരിയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകവിവരം അറിയുന്നത്.
ശനിയാഴ്ച പുലർച്ചെയാണ് എ.ടി.എമ്മിൽ കവർച്ചാശ്രമം ഉണ്ടായത്. പരസ്പരം ഒറ്റുകൊടുക്കുമെന്ന ഭയമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണു പോലീസ് നിഗമനം. കാക്കനാട് കുന്നുംപുറം സിവിൽ ലെയ്ൻ റോഡിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലെ ഒന്നാംനിലയിലെ ആദ്യമുറിയിലെ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ഇമ്രാന്റെ മൃതദേഹം. കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. വയർ കീറിയ നിലയിലായിരുന്നു. കുടൽമാല പുറത്തുവന്നു വീർത്തിരുന്നു. തലയും കാലും രണ്ടു ചാക്കു കൊണ്ടു മറച്ച് മൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ചോദ്യംചെയ്യലിൽ അൻസാരി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കവർച്ചാ ശ്രമത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് ഇരുവരും വഴക്കിട്ടിരുന്നു. തിരുവനന്തപുരത്തെ എ.ടി.എം കവർച്ച കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതും പ്രതികൾക്ക് ഭയപ്പാടുണ്ടാക്കി.
വാഴക്കാലയിലെ സിൻഡിക്കേറ്റ് ബാങ്കിന്റെയും ഓലിമുഗളിലെ യൂണിയൻ ബാങ്കിന്റെയും എ.ടി.എം കവർച്ച ചെയ്ത സംഭവത്തിൽ പരസ്പരം ഒറ്റികൊടുക്കുമോയെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂെലെ 25നാണ് ഇവർ മുറിയെടുത്തത്. ഇലക്ട്രിക്കൽ െവെൻഡിങ് തൊഴിലാളികളെന്ന പേരിലാണ് ഇവർ പരിചയപ്പെടുത്തിയത്.ഉത്തർപ്രദേശ് രജിസ്‌ട്രേഷനുള്ള െബെക്കിനെ കേന്ദ്രീകരിച്ച് തൃക്കാക്കര എ.സി.പി: എം. ബിനോയി, കളമശേരി സി.ഐ: എസ്. ജയകുമാർ, തൃക്കാക്കര എസ്.ഐ: സജിത് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അൻസാരിയെ പിടികൂടുന്നത്. കൂട്ടാളി എവിടെയെന്ന് പോലീസ് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.
തുടർന്ന് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും കുന്നുംപുറത്തെ ലോഡ്ജിലെത്തി മൃതദേഹം പരിശോധിച്ചു. ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് വൻ ജനാവലിയും തടിച്ചുകൂടി. ശനിയാഴ്ച പുലർച്ചെ എ.ടി.എമ്മിൽ മുഖം മറച്ചെത്തി ക്യാമറയിൽ പെയിന്റ് സ്‌പ്രേ ചെയ്തായിരുന്നു കവർച്ചാശ്രമം. ക്യാമറയിൽ പെയിന്റ് സ്‌പ്രേ ചെയതതോടെ അത് പ്രവർത്തനരഹിതമായി. തുടർന്ന് എ.ടി.എമ്മിന്റെ മുൻവശമുള്ള ക്യാബിന്റെ പൂട്ട് ബ്ലേഡ്‌കൊണ്ട് അറുത്തുമാറ്റി പണം കവരാനായിരുന്നു ശ്രമം. ഇതു വിജയിക്കാതെ വന്നതോടെ പിന്തിരിഞ്ഞു. ഇതെല്ലാം എ.ടി.എമ്മിന്റെ മുൻവശം സ്ഥാപിച്ച മറ്റൊരു ക്യാമറ പകർത്തി. പക്ഷേ ഇവ ആളെ തിരിച്ചറിയാൻ പാകത്തിലുള്ളതല്ലായിരുന്നു. വ്യക്തത കുറഞ്ഞ ദൃശ്യങ്ങൾ െസെബർ സെല്ലിന്റെ സഹായത്തോടെ മികവ് വരുത്തിയശേഷമാണ് പ്രസിദ്ധീകരണത്തിന് നൽകിയത്. കൊലപാതകം നടന്ന മുറി കമ്മിഷണർ എം.പി. ദിനേശ്, ഡി.സി.പി. ഡോ. അരുൾ ആർ.ബി. കൃഷ്ണ എന്നിവർ സന്ദർശിച്ചു.
മുഹമ്മദ് ഇമ്രാനെ തിരിച്ചറിയാൻ സഹായിച്ചത് ഇരുചക്രവാഹനം. തൃക്കാക്കര പോലീസ് കുന്നുംപുറത്ത് ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള െബെക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണു കേസിനു വഴിത്തിരിവായത്. മൃതദേഹം കണ്ടെത്തിയ കുന്നുംപുറത്തെ ലോഡ്ജ് മുറിയിൽ പോലീസ് നായയെത്തിയെങ്കിലും തെളിവുകൾ കിട്ടിയില്ല. ഉത്തർപ്രദേശുകാരനായ മുസ്ലിം അൻസാരിയെ ലോഡ്ജിനു സമീപത്തുവച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ടു മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലെത്തത്തി. സംഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയാറായില്ല.