അ‍ഞ്ച് എടിഎം ഇടപാടുകള്‍ക്ക് ശേഷം അധിക ചാര്‍ജ്; ചട്ടം ഒക്ടോബര്‍ മുതല്‍

എടിഎം ഇടപാടുകള്‍ക്കുള്ള നിരക്ക് പരിഷ്കരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. എടിഎം വഴി നടത്തുന്ന അഞ്ച് ഇടപാടുകള്‍ക്ക് ശേഷം ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുമെന്നാണ് പ‍ഞ്ചാബ് നാഷണ്‍ ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചിട്ടുള്ളത്. നിലവില്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പഞ്ചാബ് നാഷണല്‍ ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഈ കീഴ്വഴക്കമാണ് ഒക്ടോബര്‍ മുതല്‍ ഇല്ലാതാവുന്നത്. അഞ്ച് ഇടപാടുകള്‍ക്ക് ശേഷം പണം പിന്‍വലിക്കുന്ന പ‍ഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുമെന്നും ഇത് 2017 ഒക്ടോബര്‍ 1 മുതല്‍ ഈ ചട്ടം പ്രാബല്യത്തില്‍ വരുമെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉപയോക്താക്കള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പുറമേ കറന്‍റ് ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഉടമകളില്‍ നിന്നും ആദ്യത്തെ അഞ്ച് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം പത്തുരൂപ വീതം ഇടാക്കുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. എടിഎം വഴി പണം പിന്‍വലിക്കുന്നതിന് പുറമേ എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപാടുകളും പുതിയ ചട്ടത്തിന്‍റെ പരിധിയില്‍ വരും. എടിഎം വഴി മിനി സ്റ്റേറ്റ്മെന്‍റ് എടുക്കുന്നതും, ബാലന്‍സ് പരിശോധിക്കുന്നതും, പിന്‍കാര്‍ഡ് മാറ്റുന്നതും ഇടപാടായി കണക്കാക്കി അധിക ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും. ഫോണ്‍ വഴിയുള്ള പണമിടപാടുകളും ഇതിന്‍റെ പരിധിയില്‍ വരുമെന്നും ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. 2014ല്‍ എടിഎം വഴി നടത്തുന്ന സൗജന്യ ഇടപാടുകള്‍ പരിമിതപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമേ മറ്റ് എടിഎം വഴിയുള്ള എടി​എം ഇടപാടുകള്‍ നിയന്ത്രിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എടിഎം ഇടപാടുകളില്‍ പ്രതിമാസം അഞ്ച് ഇടപാടുകള്‍ സൗജന്യമായിരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു.

Top