എടിഎമ്മില്‍ ഇനി കാവല്‍ക്കാരില്ല; പൂര്‍ണമായും ഇ – കാവല്‍ വരുന്നു

രാജ്യത്തെ എ.ടി.എമ്മുകളില്‍ ജോലിചെയ്യുന്ന രണ്ടുലക്ഷത്തോളം സെക്യുരിറ്റി ഗാര്‍ഡുകളുടെ ജോലിക്ക് ഭീഷണയുയര്‍ത്തി കൂടുതല്‍ ബാങ്കുകള്‍ ഇലക്ട്രോണിക് കാവലിലേക്ക് തിരിയുന്നു. ആഗോളതലത്തില്‍ നിലവിലുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനമാണ് എ.ടി.എമ്മുകളില്‍ വ്യാപകമാവുന്നത്.
ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, യൂക്കോ ബാങ്ക് എന്നിവയാണ് ഇ പദ്ധതി നടപ്പാക്കുന്നതില്‍ മുന്നിലുള്ളത്. സുരക്ഷ ചെലവുകളുടെ 90 ശതമാനവും ലാഭിക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്ന് ബാങ്കുകള്‍ പറയുന്നു. കേന്ദ്രീകൃത ഇലക്ട്രോണിക് നിരീക്ഷണത്തില്‍ 24 മണിക്കൂറും എ.ടി.എമ്മുകള്‍ നിരീക്ഷിക്കാനാവും. എച്ച്.ഡി.എഫ്.സി ബാങ്ക് നിലവില്‍ 500 ഓളം എ.ടി.എമ്മുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോഷന്‍, തെര്‍മല്‍, റിമുവല്‍, ബ്രേക്കിങ് സെന്‍സറുകളും അലാറം, രണ്ട് മൂന്ന് സി.സി.ടി.വി കാമറകള്‍, ടു വേ സ്പീക്കര്‍ എന്നിവയുമാണ് എ.ടി.എമ്മുകളില്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നത്. സംശയകരമായ നീക്കങ്ങള്‍ ഉണ്ടായാല്‍ സെന്‍സറുകള്‍ ഉടന്‍ കേന്ദ്രീകൃത നിരീക്ഷണ കേന്ദ്രത്തില്‍ മുന്നറിയിപ്പ് നല്‍കും. അതിക്രമിച്ചു കടക്കുന്നവരുമായി കേന്ദ്രീകൃത സുരക്ഷ മുറിയിലുള്ളവര്‍ക്ക് വേണമെങ്കില്‍ ആശയവിനിമയം നടത്താനുമാവും. ആവശ്യമെങ്കില്‍ നേരിട്ട് എത്താന്‍ അതിവേഗ പ്രതികരണ സംഘത്തെയും ബാങ്കുകള്‍ ഒരുക്കുന്നുണ്ട്. ഇതിനു പുറമേ ലോക്കല്‍ പൊലീസിലും ഈ സംവിധാനം മുന്നറിയിപ്പു നല്‍കും. നിലവില്‍ മൂന്നു ഷിഫ്റ്റുകളിലായി സുരക്ഷ ജീവനക്കാരെ നിയമിക്കുന്നതു വഴി ഒരു എ.ടി.എമ്മിന്റെ സുരക്ഷക്ക് 36000ത്തോളം രൂപയാണ് ബാങ്കുകള്‍ ചെലവഴിക്കുന്നതെങ്കില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിന് പ്രതിമാസം 5000 രൂപയോളമേ ചെലവുവരൂവെന്ന് ആക്‌സിസ് ബാങ്ക് ടീട്ടെയില്‍ തലവന്‍ രാജീവ് ആനന്ദ് പറയുന്നു. എ.ടി.എമ്മുകളിലെ 20000 ത്തോളം കരാര്‍ സുരക്ഷ ജീവനക്കാറക്ക് ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1.84 ലക്ഷം എ.ടിഎമ്മുകളാണുള്ളത്.

Top