തലസ്ഥാനത്തെ എടിഎം കൊള്ള: മിന്നൽ പിണറായി കേരള പൊലീസ്; പ്രതികളെ പിടികൂടിയത് 24 മണിക്കൂർ തികയും മുൻപ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം കൊള്ളയടിച്ച കേസിലെ പ്രതികളായ വിദേശ പൗരൻമാരെ പൊലീസ് പിടികൂടിയത് മിന്നൽ വേഗത്തിൽ. പ്രതികളുടെ ചിത്രം കണ്ടെത്തി മണിക്കൂറുകൾ പൂർത്തിയാകും മുൻപു തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. വിദേശത്തു നിന്നെത്തി എടിഎം കൊള്ളയടിച്ചു മടങ്ങുന്ന സംഘത്തെ മിന്നൽ വേഗത്തിൽ പിടികൂടാനായത് കേരള പൊലീസിന്റെ അന്വേഷണ മികവിലെ തിളങ്ങുന്ന അധ്യായമായും മാറി.
തലസ്ഥാനത്തെ എടിഎമ്മിൽ രഹസ്യക്യാമറ സ്ഥാപിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി റുമേനിയൻ പൗരനായ ഗബ്രിയേൽ മരിയനാണ് കഴിഞ്ഞ ദിവസം മുംബൈയിൽ അറസ്റ്റിലായത്. വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
എ.ടി.എം. കൗണ്ടറിൽനിന്നുള്ള സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്നു വിദേശികൾ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഘടിപ്പിക്കുന്നതു കണ്ടെത്തിയത്. കോവളത്തെ ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് റുമേനിയക്കാരായ ഗബ്രിയേൽ മരിയൻ, ബ്ലോഗ് ബീൻ ഫ്‌ലോറിയാൻ, കോൺസ്റ്റാന്റിനൻ എന്നിവരാണു മോഷ്ടാക്കളെന്നു തിരിച്ചറിഞ്ഞു. ഇവരിൽ ഗബ്രിയേൽ മരിയനാണ് മുംബൈ പോലീസിന്റെ വലയിലായത്്. ഹോട്ടലിൽനിന്നു പ്രതികളുടെ പാസ്‌പോർട്ടിന്റെ പകർപ്പുകൾ, സി ഫോം തുടങ്ങിയവ ശേഖരിച്ച പോലീസ് വിപുലമായ തെരച്ചിലിനു തുടക്കമിട്ടിട്ടുണ്ട്. രാജ്യാന്തര ബന്ധമുള്ളതിനാൽ അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായവും തേടും.
വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് പ്രതികൾ തിരുവനന്തപുരത്തെത്തിയതും ഹോട്ടലിൽ മുറിയെടുത്തു താമസിച്ചതും. പോലീസ് പുറത്തുവിട്ട സി.സി.ടിവി ദൃശ്യങ്ങൾ കണ്ട ഹോട്ടൽ ജീവനക്കാരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവർ കോവളത്തുനിന്നു വാടകയ്‌ക്കെടുത്ത് ഉപയോഗിച്ച രണ്ട് ഹോണ്ട ആക്ടിവ സ്‌കൂട്ടറുകളും ഹെൽമെറ്റുകളും കണ്ടെടുത്തു.
പ്രതികൾക്ക് ഇവിടെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കും. ‘റോബിൻഹുഡ്’ സിനിമാ മോഡൽ കവർച്ചയിൽ പണം നഷ്ടമായെന്ന 50 പേരുടെ പരാതികളിൽ മ്യൂസിയം പോലീസ് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തു. എല്ലാവർക്കുമായി മൂന്നര ലക്ഷം രൂപ നഷ്ടമായെന്നാണു കണക്ക്.
എ.ടി.എം. കാർഡ് ഇടുന്ന സ്ഥലത്ത് സ്‌കിമ്മർ എന്ന ഉപകരണം ഘടിപ്പിച്ച് കാർഡ് വിവരങ്ങൾ ചോർത്തുകയും ഉപയോക്താവ് വിരലമർത്തുന്ന ബട്ടണുകൾ രഹസ്യ ക്യാമറയിലൂടെ ഒപ്പിയെടുത്ത് പിൻ നമ്പർ കണ്ടെത്തുകയുമാണ് മോഷ്ടാക്കൾ ചെയ്തിരുന്നത്.
തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കാർഡുണ്ടാക്കി പിൻനമ്പർ ഉപയോഗിച്ച് മുംബൈയിലെ എ.ടി.എമ്മിലൂടെ പണമെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ എ.ടി.എമ്മുകളിൽ രഹസ്യ ഉപകരണങ്ങൾ ഘടിപ്പിച്ച് വിവരം ചോർത്തിയ ശേഷം മുംബൈയിൽ ചെന്നു പണമെടുത്ത പ്രതികൾ ഇന്ത്യ വിട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്റർപോളിന്റെ സഹായം തേടാൻ തീരുമാനിച്ചത്.
ഇന്റർപോളിന്റെ സഹായം വേഗത്തിൽ ലഭ്യമാക്കാനായി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സി.ബി.ഐയുടെയും സഹായം തേടിയിട്ടുണ്ട്. തിരുവനന്തപുരം ടെക്‌നോപാർക്കിലെ സൈബർഡോമിന്റെ സാങ്കേതിക സഹായവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top