കേരളത്തിലെ എ.ടി.എം. കവര്‍ച്ച: മലയാളി ഡല്‍ഹിയില്‍ പിടിയില്‍.സംഘത്തില്‍ പോലീസുകാരനും പ്രതി

ന്യൂഡല്‍ഹി :കേരളത്തില്‍ ഒന്നിലധികം എ.ടി.എമ്മുകള്‍ കുത്തിത്തുറന്ന്‌ 14 ലക്ഷത്തിലധികം രൂപ കവര്‍ന്ന സംഘത്തിലെ മലയാളി യുവാവ്‌ അറസ്റ്റിലായി .എടിഎം കവര്‍ച്ചക്കേസിലെ പ്രധാന പ്രതി മലയാളിയെ ഹരിയാനയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത് . ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്‌കോണ്‍സ്റ്റബിള്‍ അസ്‌ലൂപ് ഖാന്‍ ആണ് ആണ് കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന പോലീസുകാരന്‍. അവധിയെടുത്ത് മുങ്ങിയ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. ഇയാള്‍ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന.ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്‌കുമാറിനെയാണ്‌ ഇന്നലെ ഉത്തംനഗറില്‍ വച്ച്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ പട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാക്കി നാലുദിവസത്തേക്കു ആര്‍.കെ. പുരം പോലീസ്‌ കസ്‌റ്റിഡിയില്‍ വിട്ടു. കവര്‍ച്ചയ്‌ക്ക്‌ ഉപയോഗിച്ചതെന്ന്‌ കരുതുന്ന വാഹനവും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ താമസക്കാരനായ സുരേഷ്‌ ഹരിയാനയില്‍ നിന്നുള്ള സുഹൃത്തുക്കളുമായി കേരളത്തിലെത്തി കവര്‍ച്ച നടത്തിയെന്നാണ്‌ പോലീസ്‌ പറയുന്നത്‌. ഹരിയാനാ സ്വദേശികളായ നാലുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.ചെറുപ്പകാലം മുതല്‍ വാഹന മോഷണം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായിരുന്നു സുരേഷ്. ചെങ്ങന്നൂര്‍ നഗരത്തില്‍ കുറച്ചുകാലം താമസിച്ച ശേഷമാണ് ദല്‍ഹിയിലേക്ക് താവളം മാറ്റിയത്
കൊല്ലം ജില്ലയിലെ കഴക്കൂട്ടം, ആലപ്പുഴ ജില്ലയിലെ ചെറിയനാട്‌, കരിയിലക്കുളങ്ങര എന്നിവിടങ്ങളില്‍ എ.ടി.എം തകര്‍ത്ത്‌ കവര്‍ച്ചനടത്തിയ സംഘത്തിലെ പ്രധാനിയാണ്‌ സുരേഷെന്നു പോലീസ്‌ പറഞ്ഞു. ഡല്‍ഹി- ഹരിയാന പൊലീസിന്റെ സഹായത്തോടെയായിരുന്നു കേരളാ പോലീസിന്റെ തെരച്ചില്‍. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി വി.എം മുഹമ്മദ്‌ റഫീഖാണ്‌ അന്വഷണത്തിനു നേതൃത്വം കൊടുത്തിരുന്നത്‌. കേരളത്തിന്‌ പുറത്തുനിന്നുള്ള സംഘമാണ്‌ കവര്‍ച്ചയ്‌ക്കു പിന്നിലെന്ന്‌ തുടക്കത്തിലേ പോലീസിന്‌ സംശയമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാരാരിക്കുളം സി.ഐ: ജെ. ഉമേഷ്‌കുമാര്‍, ചെങ്ങന്നൂര്‍ എസ്‌.ഐ എം. സുധിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ പോലിസ്‌ സംഘം കഴിഞ്ഞാഴ്‌ച ഡല്‍ഹിയില്‍ എത്തിയിരുന്നു. കവര്‍ച്ച നടത്തിയ സ്‌ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ്‌ പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്‌. കഴിഞ്ഞമാസം 26നു പുലര്‍ച്ചെയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ചെറിയനാട്‌, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ എ.ടി.എം മെഷീന്‍ തകര്‍ത്താണ്‌ പണം കവര്‍ന്നത്‌.രാമപുരം, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു. ചെറിയനാട്ടുനിന്നും 3.7 ലക്ഷവും കഴക്കൂട്ടം അമ്പലത്തിന്‍കരയില്‍നിന്നും 10.2 ലക്ഷവുമാണ്‌ കവര്‍ന്നത്‌.
ചെങ്ങന്നൂരില്‍ നിന്നും രണ്ടു പതിറ്റാണ്ടു മുമ്പ്‌ ഡല്‍ഹിയിലേക്കു ചേക്കേറിയ സുരേഷ്‌കുമാര്‍ ഇന്‍വെര്‍ട്ടര്‍ നിര്‍മാണ വിപണനം നടത്തിയിരുന്നെന്നാണ്‌ സൂചന.
ഉത്തംനഗറിലെ ആര്യസമാജം റോഡിലെ ഫ്‌ളാറ്റിലായിരുന്നു താമസം. അയല്‍വാസിയായ സംഘാംഗം ഷക്കര്‍പൂര്‍ മോഷ്‌ടാക്കളുമായി സുരേഷിനെ പരിചയപ്പെടുത്തി. ഇതിനു ശേഷം ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും എ.ടി.എം കവര്‍ച്ചകള്‍ നടത്തി പരിചയം നേടിയ ശേഷമാണ്‌ കേരളത്തിലെത്തിയത്‌. ഡല്‍ഹി പോലീസിലെ ഓഫീസറായ അസ്‌ലാം ഖാനും മോഷണ സംഘവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്നു. അവധിയെടുത്ത ശേഷം തിരികെ ജോലിയില്‍ കയറാത്തതിനാല്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്‌. സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി ഡല്‍ഹി പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

Top