ന്യൂഡല്‍ഹി:എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 ആയി ഉയര്‍ത്തി.ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍വരും. അതേസമയം ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള പരമാവധി തുക 24000 രൂപ തന്നെ. ദിനം പ്രതി 2500 രൂപ പിന്‍വലിക്കാമെന്ന പരിധിയാണ് 4500 രൂപയാക്കി ഉയര്‍ത്തിയത്.
നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ചാണ് ജനുവരി ഒന്നുമുതല്‍ പ്രതി ദിനം പിന്‍വലിക്കാനുള്ള തുക 4500 രൂപയാക്കി ഉയര്‍ത്തിയതെന്നും ആഴ്ചയിലേത് പഴയപടി തുടരുമെന്നും ആര്‍ ബി ഐ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാവശ്യമായ 2000, 500 രൂപ നോട്ടുകള്‍ ബേങ്കുകളില്‍ എത്തിക്കും. വെള്ളിയാഴ്ചയായിരുന്നു നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസം. നോട്ട് നിരോധനത്തിന്റെ അമ്പതാം ദിവസമാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാനുള്ള തുകയുടെ കാര്യത്തില്‍ ഇളവ് വരുത്തിയത്.
ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ച കേന്ദ്രധനമന്ത്രി കറൻസി പ്രശ്നം ഒട്ടൊക്കെ പരിഹരിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ, പണനിയന്ത്രണം നീക്കുന്നതിന്റെ സൂചനപോലും നല്കിയില്ല. കാത്തിരിക്കുക; തീരുമാനമെടുക്കുമ്പോൾ അറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഡിജിറ്റൽ ധനകാര്യത്തിനു വഴിതെളിക്കുന്ന ആധാർ അധിഷ്ഠിത ബയോമെട്രിക് ആപ് ഭീം പ്രകാശനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിയന്ത്രണം നീക്കുന്നതോ കുറയ്ക്കുന്നതോ സംബന്ധിച്ചു പറഞ്ഞില്ല. ഇന്നു രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. അപ്പോൾ എന്തെങ്കിലും പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷ.
കറൻസി നിയന്ത്രണം നീക്കരുതെന്നു ബാങ്കുകൾ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യാനുസരണം കറൻസി ലഭിക്കാത്തതാണു കാരണം. 500 രൂപ നോട്ടുകൾ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണു പരാതി.
പ്രധാനമന്ത്രി ഇന്നു പ്രഭാഷണത്തിൽ നാടകീയമായ എന്തെങ്കിലും പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ദരിദ്ര വിഭാഗങ്ങൾക്കു ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം ലഭിക്കുന്ന എന്തെങ്കിലും പദ്ധതി പ്രഖ്യാപിക്കുമെന്നു പ്രമുഖ സാമ്പത്തിക ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ചെറുകിട കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും ആശ്വാസം നല്കുന്ന കാര്യങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും എന്നാണു റിപ്പോർട്ട്.
വ്യാജപ്പേരിൽ (ബേനാമി) സ്വത്തുക്കൾ വാങ്ങിക്കൂട്ടിയവരെ പിടികൂടാനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു പ്രചാരണം. കറൻസി പിൻവലിക്കൽ വൻ വിജയമായി എന്നു സ്‌ഥാപിക്കാൻ കേന്ദ്രമന്ത്രിമാരോടു വിവിധ സംസ്‌ഥാനങ്ങളിൽ പോയി പത്രസമ്മേളനങ്ങൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്. എല്ലാം ഭദ്രമാണ് എന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണു ലക്ഷ്യം.
ഇന്നലെ ബാങ്കുകളിൽ പഴയ കറൻസി അടയ്ക്കാനുള്ള തിരക്ക് ഒരിടത്തും ഉണ്ടായില്ല. പല എടിഎമ്മുകളും പണമില്ലാതെ അടഞ്ഞു കിടന്നെങ്കിലും പണമുള്ള എടിഎമ്മുകളിൽ നീണ്ട ക്യൂകൾ ഉണ്ടായില്ല.
പ്രചാരത്തിലുണ്ടായിരുന്ന 17.97 ലക്ഷം കോടിയുടെ കറൻസിയിൽ 15.44 ലക്ഷം കോടി നവംബർ എട്ടിലെ പ്രഖ്യാപനം വഴി പിൻവലിച്ചു. അതിൽ 14 ലക്ഷം കോടിയിൽപരം രൂപ ബാങ്കുകളിൽ തിരിച്ചെത്തി. പകരം, ബാങ്കുകളിൽനിന്ന് ഇറങ്ങിയത് ഏഴുലക്ഷം കോടിയിൽ താഴെ മാത്രം രൂപയ്ക്കുള്ള കറൻസി. – See more at: http://www.deepika.com/Main_News.aspx?NewsCode=424508#sthash.WuWdXfhH.dpuf