കൊച്ചി: ചലച്ചിത്ര നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. സംഭവത്തില്‍ നിരപരാധിയാണ്. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണം. കേസില്‍ കുടുക്കിയതാണ്. തനിക്ക് നീതി ലഭ്യമാക്കണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കൂട്ടുപ്രതികളായ വിജീഷ്, മണികണ്ഠന്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം, പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച അമ്പലപ്പുഴ കക്കാഴം സ്വദേശി അന്‍വറിനെ പൊലീസ് പിടികൂടി. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോള്‍ പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുയാണ് പൊലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്.
സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍കൂടി കേസില്‍ പ്രതികളാകുമെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് അറിഞ്ഞ നിമിഷം മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഓണ്‍ ചെയ്യപ്പെട്ടിട്ടേയില്ല. കേസിലെ മറ്റു രണ്ടു പ്രതികളായ വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ഒരു വാഹനത്തിലാണു സുനി രക്ഷപ്പെട്ടതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ നെല്‍സണ്‍ എന്നയാള്‍ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോറിക്ഷയിലായിരുന്നു ഈ യാത്ര. അമ്പലപ്പുഴ കാക്കാഴത്തെത്തിയ ഈ സംഘം കാക്കാഴം സ്വദേശിയായ യുവാവില്‍നിന്നു പണം വാങ്ങി. ഈ പണവുമായാണു രക്ഷപ്പെട്ടത്.