കൊച്ചി: യൂബര്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരെ കൊച്ചിയില്‍ വീണ്ടും ഓട്ടോറിക്ഷാ തൊഴിലാളികളുടെ കയ്യേറ്റം. ടാക്‌സി തടഞ്ഞ് ബഹളം വയ്ക്കുന്ന ഓട്ടോക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കൊച്ചിയിലെ ഓട്ടോക്കാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
യാത്രക്കാരില്‍ നിന്ന് അമിത കൂലി ഈടാക്കിയും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ കൊള്ളചെയ്തും മോശമായി പെരുമാറിയും യാത്രക്കാരെ വെറുപ്പിച്ച ഓട്ടോക്കാര്‍ക്ക് കിട്ടിയ എട്ടിന്റെ പണിയായിരുന്നു ഓണ്‍ലൈന്‍ ടാക്‌സികളുടെ രംഗപ്രവേശം. ഒട്ടോചാര്‍ജ്ജിന്റെ പകുതി പോലും കൊടുക്കാതെ എസി കാര്‍ യാത്ര ചെയ്യാമെന്നതാണ് പ്രധാനം ഗുണം. അതിലേക്കാളുപരി കൊച്ചിയില്‍ യൂബര്‍ ക്ലിക്കാകാന്‍ കാരണം ഓട്ടോക്കാരുടെ യാത്രക്കാരോടുള്ള മോശമായ പെരുമാറ്റമാണ്. ഓണ്‍ലൈന്‍ ടാക്‌സികള്‍ വ്യാപകമായതോടെ ഓട്ടം കുറഞ്ഞ ഓട്ടോറിക്ഷക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തടയുകയാണ്.
https://youtu.be/q7fChjmT57c
സൗത്ത് റയില്‍വേസ്റ്റേഷനില്‍ നിന്ന് യാത്രതുടങ്ങിയ വിദ്യ എന്ന യാത്രക്കാരിക്ക് ഉണ്ടായ ദുരനുഭവമാണ് ഏറ്റവുമൊടിവിലേത്. ഓട്ടോ ഡ്രൈവര്‍മാരുടെ കയ്യേറ്റം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഓട്ടോ തൊഴിലാളികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
യൂബര്‍ ടാക്സിയുടെ ഡ്രൈവര്‍ക്കും ഇതിലെ യാത്രക്കാരിയായ വിദ്യ എന്ന യുവതിക്കും നേര്‍ക്കാണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ കൈയേറ്റത്തിനു മുതിര്‍ന്നത്. റെയില്‍വേ സ്റ്റേഷനു പുറത്തേക്കു വാഹനമെത്തിയപ്പോഴായിരുന്നു കൈയേറ്റശ്രമം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വാഹനത്തില്‍ പോകാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ സ്റ്റേഷനു പുറത്തുള്ള ടാക്സിയില്‍തന്നെ പോകണമെന്നുമായിരുന്നു ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത്.
തന്റെ കൈയില്‍ പണമില്ലെന്നും ലഗേജുകള്‍ ധാരാളമുണ്ടന്നും യുവതി ഓട്ടോ ഡ്രൈവര്‍മാരോടു പറഞ്ഞെങ്കിലും ഇവര്‍ വിട്ടുവീഴ്ച ചെയ്തില്ല. ഓട്ടോ ഡ്രൈവര്‍മാര്‍ കൈയേറ്റത്തിനു ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ യുവതിക്കുനേര്‍ക്ക് ഡ്രൈവര്‍മാര്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഫോണില്‍നിന്നു മായ്ച്ചുകളഞ്ഞശേഷം മാത്രമേ പോകാന്‍ അനുവദിക്കൂ എന്ന് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ ഭീഷണി മുഴക്കി.
സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടില്ലെന്നും യുവതി ആരോപിച്ചു. കുറച്ചുസമയത്തിനുശേഷം എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍, യുവതി മറ്റൊരു വാഹനത്തില്‍ പോകണമെന്ന് നിലപാടെടുത്തതായാണു വിദ്യ പറയുന്നത്. എന്തായാലും വിദ്യ പുറത്ത് വിട്ട വീഡിയോ പതിനായിരകണക്കിന് പേരാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത്.