സ്വന്തം ലേഖകൻ
കോട്ടയം: വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ഒഴിവുദിനം ചെലവിടാനെത്തിയ ഭിന്നശേഷിയുള്ള യുവതിക്കും സുഹൃത്തുക്കൾക്കും നേരെ പോലീസിന്റെ അസഭ്യവർഷം. നീയൊക്കെ ഒരുമിച്ചിരുന്ന് ഇവിടെ മറ്റേ പണിക്കു വന്നതാണോ എന്നായിരുന്നു ആക്രോശം. ‘നിന്നെയൊക്കെ മെഡിക്കൽ ചെക്കപ്പ് നടത്തിയിട്ടെ വീട്ടിൽ വിടാവു. നിന്റെയൊക്കെ വീട്ടിലേയ്ക്കു വിളിച്ചു പറയുന്നുണ്ട്. നിനക്കൊക്കെ ചോദിക്കാനും പറയാനും ആരുമില്ലേ,’ എന്നിങ്ങനെ ശകാരവർഷം തുടർന്നു.
സംഭവത്തെ കുറിച്ച് ജിഷ പ്രകൃതി എന്ന യുവതി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെയാണ് പൊലീസ് മുറ പുറംലോകമറിഞ്ഞത്. ജിഷയും സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെ:
യാത്ര എനിക്ക് എന്നും ലഹരിയാണ്. തൃശൂരിൽ ഞങ്ങൾ സമാന മനസ്ഥിതിയുള്ളവരും യാത്ര ഒരു ലഹരിയായി കൊണ്ടു നടക്കുന്നവരുമായ ഒരു കൂട്ടം ആളുകൾ നേച്ചർ കഌിന്റെ പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. ഒരുമിച്ച് ഞങ്ങൾ പല യാത്രകളും ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമെല്ലാം ഈ സംഘത്തിൽ ഉണ്ട്. ഒക്ടോബർ രണ്ടിന് ഇലവീഴാപ്പൂഞ്ചിറയിലേയ്ക്ക് ഒരു യാത്ര പോകാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.
എറണാകുളത്ത് ജോൺ എന്ന അധ്യാപകന്റെ വീട്ടിൽ തങ്ങിയതിനു ശേഷം ഞായറാഴ്ച രാവിലെ അഞ്ചരയോടെ എട്ടോളം പേർ നാല് ബൈക്കുകളിലായി യാത്ര തിരിച്ചു. പത്തുമണിയോടെ ഞങ്ങൾ അവിടെയെത്തി. വാഗമണ്ണിന് ആറു കീലോമീറ്റർ മുൻപ് ഉള്ളിലേയ്ക്ക് ഒതുങ്ങിയുള്ള ഈ പ്രദേശം നവമാധ്യമങ്ങളിലൂടെയാണ് ശ്രദ്ധേയമായത്.
ജിഷ പ്രകൃതിയും സംഘവും ഇലവീഴാപുഞ്ചിറയിൽ
നാല് പെൺകുട്ടികൾ സംഘത്തിലുണ്ടായിരുന്നു. സംഘത്തിൽ ഉള്ളവർ നിലത്ത് ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. കുറച്ച് പേർ താഴെ ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു. ഒരു സംഘം പോലീസുകാർ അവർ നാലോ അഞ്ചോ പേരാണെന്നാണ് ഓർമ്മ. കൂട്ടത്തിൽ ഉള്ളത് ആരാണെന്നായിരുന്നു ആദ്യ ചോദ്യം. നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും ചോദിച്ചു. ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് അഴിഞ്ഞാടാനുള്ളതല്ല ഈ സ്ഥലമെന്ന് പൊലീസ് പറഞ്ഞതായും സംഘത്തിലുണ്ടായിരുന്ന മഹദ് ഗോപി പറഞ്ഞു.
‘ജിഷ ചേച്ചിയും ജോമോനും ഞാനും ഒരുമിച്ച് പാറക്കൂട്ടത്തിന്റെ താഴെ ചെന്ന് ചിത്രങ്ങൾ പകർത്തുകയായിരുന്നു’വെന്ന് വിദ്യാർത്ഥിനിയായ ജീവ ജനാർദ്ദൻ പറയുന്നു.
‘ഞങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. മുകളിലേയ്ക്ക് കയറി വന്നപ്പോൾ എന്തായിരുന്നു താഴെ പരിപാടിയെന്നായിരുന്നു ചോദ്യം. എടീ പോടീയെന്നാണ് പൊലീസുകാർ ഞങ്ങളെ സംബോധന ചെയ്തതു തന്നെ. ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരുടെയും പുറത്ത് കയറി ഇങ്ങോട്ടു വരും, മെഡിക്കൽ ചെക്കപ്പ് നടത്തിയിട്ടെ ഇവിടുന്ന് നിന്നെയൊക്കെ പറഞ്ഞു വിടാവു എന്നു വരെ പറഞ്ഞു. ഇങ്ങനെയൊക്കെ പെൺകുട്ടികളോട് പൊലീസിന് സംസാരിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല.’
ദമ്പതികളായ പലരും അവിടെ ഫോണിൽ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു അവരെയും വിലക്കിയതായി ജീവ തുടർന്നു.
ധാരാളം ആളുകൾ വരുന്ന ഒരു ടൂറിസ്റ്റ് സ്ഥലത്താണ് ഇത്തരം സദാചാര പോലീസ് അനുഭവമെന്ന് ജിഷ പറയുന്നു. സംരക്ഷണം തരേണ്ട പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ഇങ്ങനെ ഉണ്ടാവുന്നത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇത് എന്റെയും കൂട്ടുകാരുടേയും മാത്രം അനുഭവമല്ല. ഒരു ആണിനും പെണ്ണിനും ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിനു വരെ സ്വാതന്ത്ര്യമുള്ള, നിയമമുള്ള ഒരു നാട്ടിൽ തന്നെയാണ് ഒരു പൊതു സ്ഥലത്ത് നിന്ന് ഫോട്ടോ എടുക്കുന്നവരോട് മാറി നിൽക്കാൻ ആവശ്യപ്പെടുന്ന പോലീസ് ഉള്ളത് എന്നതാണ് വൈരുധ്യം. ഇത് നിയമത്തിന്റെ പ്രശ്‌നമല്ല, സമൂഹ മനസ്ഥിതിയുടേതാണെന്നും ജിഷ പറയുന്നു.
ജിഷ പ്രകൃതിയും സംഘവും ഇലവീഴാപുഞ്ചിറയിൽ
ഈ സംഭവം നടക്കുമ്പോൾ പോലും അവിടെ നൂറോളം പേരുണ്ട്. രാവിലെ 11.30 ആകുന്നതെയുള്ളു സമയം. കുറച്ച് ആണുങ്ങൾ കൂടി നിന്ന് സംസാരിക്കുന്നതാണോ അവരെ ഇത്രയും പ്രകോപിപ്പിച്ചത്? ആണുങ്ങളും പെണ്ണുങ്ങളും കൂടി നിൽക്കുന്നതു തന്നെ ലൈംഗികതയ്ക്കാണ് എന്നുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്ന് സംഘത്തിലുളള ഡിജോൺ പിഡി പറഞ്ഞു. ജിഷ ചേച്ചി ബധിരയാണെന്ന് പറഞ്ഞിട്ടു പോലും അവരെ പോലും പൊലീസ് വെറുതെ വിട്ടില്ല. ഇതൊക്കെ രക്ഷപ്പെടാൻ എല്ലാവരും പറയുന്ന മുടന്തൻ ന്യായങ്ങളാണെന്ന് പറഞ്ഞായിരുന്നു പിന്നെയും അസഭ്യവർഷമെന്നും ഡിജോൺ പറഞ്ഞു.
കുറച്ചു നാൾ മുമ്പാണ് ആണും പെണ്ണും ഒരുമിച്ചു നിന്നതിന് കുറച്ചു കുട്ടികൾ ബസ് സ്റ്റാന്റിൽ പോലീസ് പീഡനം അനുഭവിക്കേണ്ടി വന്നത് വാർത്തയായത്. ഇത് ഒറ്റപ്പെട്ട അനുഭവമല്ല. ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതിഷേധമുണ്ടാകുന്നില്ല. ഉണ്ടായാൽ തന്നെ കടുത്ത ലൈംഗിക ദാരിദ്ര്യമുള്ള, ഇടുങ്ങിയ ചിന്താഗതിക്കാരായ ഭൂരിഭാഗം ഉൾപ്പെടുന്ന സമൂഹം തങ്ങൾക്കൊപ്പമേ നിൽക്കൂ എന്നതും സദാചാരക്കാർ എന്ന് സ്വയം അവകാശപ്പെടുന്ന ഇത്തരക്കാർക്ക് ശക്തി നൽകുന്നുണ്ടെന്നും ജിഷ പ്രകൃതി പറഞ്ഞു. ആണും പെണ്ണും സൗഹൃദത്തിലാകുന്നതും ഒരുമിച്ചു യാത്ര ചെയ്യുന്നതുമൊക്കെ ലൈംഗികതയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന ഒരു സമൂഹമാണ് നമ്മുടേത്. പോലീസ് ട്രെയിനിംഗ് സമയത്തു തന്നെ പോലീസുകാരെ പെരുമാറ്റം കൂടി പഠിപ്പിക്കണമെന്നും ജിഷ പറഞ്ഞു.