ന്യൂഡല്‍ഹി: വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് ഉമർ ഫയാസിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്. ഒരു സൈനികന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. വെടിവയ്പ്പാണെന്ന് കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഉടന്‍തന്നെ സ്ഥിതി നിയന്ത്രണവിധേയമായി.
ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച വെടിയുണ്ടകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ഡിസംബറില്‍ കരസേനയില്‍ ചേര്‍ന്ന ഫയാസ് ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണു ജോലി ചെയ്തിരുന്നത്. പട്ടാളത്തില്‍ ചേര്‍ന്നശേഷം ആദ്യമായി അവധിക്കു പോയതായിരുന്നു. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിട്ടുണ്ട്. ഭീകരരെ ചെറുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ മുറിവുകളും ശരീരത്തിലുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മുഖംമൂടിയണിഞ്ഞ തോക്കുധാരികള്‍ വിവാഹവീട്ടിലെത്തി ഫയാസിനെ അന്വേഷിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. യുവസൈനികന്റെ കൊലപാതകം മേഖലയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായി.