ജറുസലേം: വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കിഴക്കന്‍ ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപം വെടിവെപ്പ്. വയോധികയടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍നിന്നു പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. അക്രമിയെ ഇസ്രയേല്‍ പോലീസ് വധിച്ചു.
വെസ്റ്റ്ബാങ്കില ജനിനില്‍ കഴിഞ്ഞ ദിവസമുണ്ടായ സൈനിക നടപടിയില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിനു പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരരെ അറസ്റ്റു ചെയ്യുകയായിരുന്നു ജനിന്‍ ഓപ്പറേഷന്റെ ലക്ഷ്യമെന്ന് ഇസ്രായേലി സൈന്യം വ്യക്തമാക്കി.
അതേസമയം,സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്ന് ഇസ്രായേല്‍ സൈന്യം വിശദീകരിച്ചു.
വ്യാഴാഴ്ച രാവിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ കെട്ടിടങ്ങള്‍ വളയുകയും പലസ്തീന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു.