ലണ്ടൻ:ബ്രിട്ടനെ നടുക്കി പാര്‍ലമെന്റിനു നേരേ ഭീകരാക്രമണം. ഇന്നലെ വൈകുന്നേരം വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അക്രമിയുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഇരുപതിലധികം പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നു പോലീസുകാരും മൂന്നു ഫ്രഞ്ച് സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. കോമൺസ് സഭ സമ്മേളിച്ചിരിക്കെ പാർലമെന്‍റ് മന്ദിരത്തിനു സമീപത്ത് ഒരു പോലീസ് ഓഫീസറെ അക്രമി കുത്തിക്കൊന്നു. ഇയാളെ മന്ദിരത്തിനു പുറത്ത് പോലീസ് വെടിവച്ചുകൊന്നു. ഇതേസമയം ഇതിനു തൊട്ടടുത്തു വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ കാർ കാൽനട യാത്രക്കാർക്കിടയിലേക്കു പാഞ്ഞുകയറി നിരവധിപേരെ ഇടിച്ചുവീഴ്ത്തി. കാർ പിന്നീട് പാർലമെന്‍റ് മന്ദിരവളപ്പിന്‍റെ ഇരുന്പുഗേറ്റിൽ ഇടിച്ചുനിന്നു. പാലത്തിൽ ഇടിയേറ്റ ഒരു സ്ത്രീ മരിച്ചു.
പ്രധാനമന്ത്രി തെരേസ മേ പാർലമെന്‍റിൽ ചോദ്യോത്തരങ്ങൾ അവസാനിപ്പിച്ചപ്പോഴായിരുന്നു ആക്രമണം. പ്രധാനമന്ത്രി യെ ഉടൻതന്നെ സുരക്ഷിത സ്ഥാനത്തേക്കു നീക്കിയതായി പോലീസ് അറിയിച്ചു. പാർലമെന്‍റ് സമ്മേളനം നിർത്തിവച്ചു. ലണ്ടനിലെ ഭൂഗർഭ ട്രെയിൻ സർവീസും വെസ്റ്റ്മിൻസ്റ്ററിനു സമീപത്തുകൂടിയുള്ള വാഹനഗതാഗതവും നിർത്തി. എംപിമാർ മണിക്കൂറുകളോളം പാർലമെന്‍റ് മന്ദിരത്തിൽത്തന്നെ കഴിഞ്ഞു.
|
പാർലമെന്‍റ് മന്ദിരവളപ്പിന്‍റെ മതിലിൽ ഇടിച്ച കാറിലെ ഡ്രൈവറാണോ പോലീസ് ഓഫീസറെ ആക്രമിച്ചത് എന്നു ചിലർ സംശയിക്കുന്നു. രണ്ടുപേർ അറസ്റ്റി ലായിട്ടുണ്ട്. എത്ര ഭീകരർ ഉണ്ടായിരുന്നെന്നോ അവർ ഏതുവിഭാഗക്കാരാണെന്നോ പോലീസ് പറഞ്ഞില്ല. ബെൽജിയത്തിന്‍റെ തലസ്ഥാനനഗരമായ ബ്രസൽസിൽ കഴിഞ്ഞവർഷം ഭീകരാക്രണമുണ്ടായതിന്‍റെ വാർഷികദിനത്തിലാണ് ഈ ആക്രമണം. തീവ്രജാഗ്രതാനിർദേശം പോലീസ് പുറപ്പെടുവിച്ചു.
2013 മേയിൽ തെക്കുകിഴക്കൻ ലണ്ടനിൽ രണ്ട് ഇസ് ലാമിക് തീവ്രവാദികൾ ഒരു പട്ടാളക്കാരനെ കുത്തിക്കൊന്നതാണ് ഇതിനു മുന്പു നഗരത്തിൽ നടന്ന ഭീകരാക്രമണം. അതിനു മുന്പ് 2005 ജൂലൈയിൽ നാല് ബ്രിട്ടീഷ് ഇസ് ലാമിക് തീവ്രവാദികൾ ചാവേറാക്രമണത്തിൽ 52 യാത്രക്കാരെ കൊന്നതാണു ലണ്ടനിൽ സമാധാനകാലത്തു നടന്ന ഏറ്റവും വലിയ ഭീകരാക്രമണം.
പ്രാദേശിക സമയം ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു പാർലമെന്‍റ് മന്ദിരമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ പോലീസുകാരൻ ആക്രമിക്കപ്പെട്ടത്. തുടർന്നു വെടിയൊച്ചകൾ കേട്ടു. താമസിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി മേയെ ഒരുകാറിൽ കയറ്റി പാർലമെന്‍റ് വളപ്പിനു പുറത്തേക്കു കൊണ്ടുപോയി.
വെസ്റ്റ്മിൻസ്റ്റർ പാലത്തിൽ കാർ ആൾക്കാരെ ഇടിച്ചുവീഴ്ത്തിയതും പോലീസുകാരനു കുത്തേറ്റതും പരസ്പരബന്ധമുള്ള സംഭവങ്ങളാണോ എന്നു വ്യക്തമല്ലെന്നു പോലീസ് പറഞ്ഞു. പാർലമെന്‍റ് വളപ്പിൽ സംഘർഷമുണ്ടായതായി കോമൺസ് സഭാനേതാവ് ഡേവിഡ് ലിഡിംഗ്ടൺ അറിയിച്ചു. ഹ്യൂണ്ടായി ഐ40 കാർ ആണ് അപകടപരന്പര ഉണ്ടാക്കിയത്. പാലത്തിൽ നിരവധി പേർ കാറിടിച്ചു വീണുകിടപ്പുണ്ടായിരുന്നു. ഒരു സ്ത്രീ തെംസ് നദിയിലും വീണു. സാരമായ പരിക്കേറ്റ അവർ മരണത്തോടു മല്ലടിക്കുക യാണെന്ന് ആശുപ ത്രി അധികൃതർ പറഞ്ഞു. ഒരു ഡസനോളം പേരാണ് കാറിടിച്ച് പരിക്കു ക ളോടെ ആശുപത്രി യിലുള്ളത്. അക്രമി രണ്ടാമതൊരു പോലീസ് ഓഫീസറെ കുത്താൻ തുനിയുന്പോഴാണു വെടിയേറ്റു മരിച്ചതെന്നു പോലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് വെസ്റ്റ്മിനിസ്റ്റർ അടിപ്പാതയിലെ ഗതാഗതം പൊലീസ് തടഞ്ഞു. പാർലമെൻറ് ചത്വരത്തിൽ ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചില്ല. ബെൽജിയം ഭീകരാക്രമണത്തിെൻറ ഒന്നാംവാർഷികത്തിലാണ് ലണ്ടനിലെ ആക്രമണം.