വിവാഹമോചന നിയമത്തിലെ ഊരാക്കുടുക്ക് മൂലം 8000 വർഷത്തെ യാത്രാവിലക്ക് നേരിടുകയാണ് ഒരു യുവാവ്. ഇസ്രായേൽ സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ഓസ്‌ട്രേലിയൻ പൗരനായ നോഹം ഹപ്പെർട്ട് എന്ന 44കാരനാണ് കടുത്ത യാത്രാവിലക്ക് നേരിടുന്നത്. നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് നോഹം ഹപ്പെർട്ടിന് 9999 ഡിസംബർ 31 വരെ ഇസ്രായേലിന് പുറത്തേക്ക് പോകാൻ വിലക്കുണ്ട്. തന്റെ ഈ യാത്രാവിലക്ക് നീക്കാൻ ഇയാൾ കുട്ടികളുടെ ചിലവിനായി മൂന്ന് മില്യൺ ഡോളർ നൽകേണ്ടി വരും.
നോഹം ഹപ്പെർട്ടിന് 2013ലാണ് യാത്രാവിലക്ക് ലഭിച്ചത്. ഇയാൾ 2012ലാണ് തന്റെ രണ്ട് കുട്ടികൾക്കൊപ്പം ജീവിക്കാനായി ഓസ്‌ട്രേലിയയിൽ നിന്ന് ഇസ്രായേലിലേക്ക് വന്നത്. 2011ൽ ഇയാളുടെ ഭാര്യ ഇസ്രായേലിലേക്ക് മടങ്ങിയിരുന്നു. ഒരു വർഷം കുട്ടികൾക്കൊപ്പം കഴിഞ്ഞതിന് പിന്നാലെ ഇയാൾക്ക് 8000 വർഷത്തെ യാത്രാവിലക്ക് ലഭിക്കുകയായിരുന്നു. ഇസ്രായേലിലെ വിവാഹമോചന നിയമത്തിലെ ചട്ടങ്ങളെ മുൻപും മനുഷ്യാവകാശ പ്രവർത്തകർ വിമർശിച്ചിട്ടുണ്ട്. ഈ നിയമക്കുരുക്കിൽ അകപ്പെട്ട് വിലക്ക് നേരിടുന്ന നിരവധിപ്പേരിൽ ഒരാൾ മാത്രമാണ് താനെന്ന് ഹപ്പെർട്ട് പറയുന്നു.
ഇസ്രായേലിലെ വിവാഹമോചന നിയമപ്രകാരം, വിവാഹമോചിതയാകുന്ന സ്ത്രീയ്ക്ക് കുട്ടികളുടെ ചിലവിന് പണം ലഭിക്കേണ്ട കാലത്തോളം, അവരുടെ പിതാവിന് യാത്രാവിലക്ക് ആവശ്യപ്പെടാം. വിവാഹമോചിതരാകുന്ന പുരുഷന്മാർ തങ്ങളുടെ വരുമാനത്തിന്റെ നൂറ് ശതമാനത്തിൽ അധികം തുകയും കുട്ടികളുടെ ചിലവിനായി നൽകേണ്ടി വരാറുമുണ്ട്. മാസം തോറും പണം നൽകുന്നതിൽ വീഴ്ച ഉണ്ടാകുന്ന പക്ഷം, 21 ദിവസത്തെ തടവുശിക്ഷയും ഇവർ നേരിടണം. ഈ വിചിത്ര വിവാഹമോചന നിയമം മൂലം ഇസ്രായേലിൽ കുടുങ്ങിയിരിക്കുന്ന മറ്റ് വിദേശികളുടെ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ മറിയാന്നേ അസീസി പ്രതികരിച്ചു.