കോഴിക്കോട്്: ഓട്ടോഡ്രൈവർ അഞ്ചു വയസുകാരനെക്കൊണ്ടു ദേഹം തുടപ്പിച്ച സംഭവത്തിൽ പോലീസിനോടു വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായതിനു പിന്നാലെയാണ് ചോമ്പാല പോലീസിനോട് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടത്. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ പുറത്തേക്കു തുപ്പിയ കുട്ടിയുടെ ഷർട്ട് അഴിച്ചുമാറ്റിക്കുകയും കുട്ടിയെക്കൊണ്ട് ദേഹം തുടപ്പിക്കുകയും ചെയ്യുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
കഴിഞ്ഞ 25നാണു സംഭവം. കുട്ടിയുടെ തുപ്പൽ തന്റെ വസ്ത്രത്തിൽ തെറിച്ചെന്നാരോപിച്ചാണ് ഡ്രൈവർ വിചിത്രൻ ക്രൂരമായി പെരുമാറിയത്. സഹപാഠികളുടെ മുന്നിൽവച്ച് അഞ്ചുവയസുകാരന്റെ ഷർട്ട് അഴിച്ചുമാറ്റിച്ചശേഷം തന്റെ വസ്ത്രം ഇയാൾ തുടപ്പിച്ചു. മറ്റു കുട്ടികളിൽനിന്നു വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് പിറ്റേന്നു വിവരം തിരക്കിയെങ്കിലും ഓട്ടോഡ്രൈവർ തട്ടിക്കയറുകയായിരുന്നു. ഡ്രൈവറുടെ മോശം പെരുമാറ്റം മാതാവ് വീഡിയോയിൽ പകർത്തുകയും ചെയ്തു.
ഡ്രൈവർക്കെതിരേ നടപടിയെടുക്കണമെന്ന് കുട്ടിയുടെ കുടുംബവും നാട്ടുകാരും ആവശ്യമുന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മിഷൻ പോലീസിനോടു വിശദീകരണം തേടിയത്. അതേസമയം പോലീസിൽ രേഖാമൂലം പരാതി നൽകാൻ കുട്ടിയുടെ വീട്ടുകാർ തയ്യാറായിട്ടില്ല. ഡ്രൈവറുടെ പെരുമാറ്റത്തിൽ മാനസികമായി തകർന്ന കുട്ടിക്ക് പരാതിയും അന്വേഷണവും താങ്ങാനാകില്ലെന്നു മാതാവ് പറഞ്ഞു. മനുഷ്യാവകാശ കമ്മിഷന്റെ നിർദേശപ്രകാരം നാദാപുരം കൺൺട്രോൾ റൂം ഇൻസ്പെക്ടർ വീട്ടിലെത്തി കുട്ടിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി.
കുട്ടിയുടെ മൊഴി പോലീസ് എടുത്തിട്ടില്ല. ചൈൽഡ് ലൈനിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വിചിത്രനെതിരേ കേസെടുത്ത് ബാലാവകാശ കമ്മിഷന് റിപ്പോർട്ട് കൈമാറുമെന്ന് പോലീസ് അറിയിച്ചു.