ഡല്‍ഹി: ഓട്ടോറിക്ഷയ്ക്കും പോലീസ്‌കാരന്‍ സല്യൂട്ട് അടിക്കുന്നോ? ഏത് വി ഐ പി യാണ് ഓട്ടോയില്‍ സഞ്ചരിക്കുന്നത് അതും ഡല്‍ഹിയിലെ കൊടും ചൂടില്‍. ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബ പ്രീയയുടെ ഔദ്യോഗിക വാഹനമെന്ന നിലയിലാണ് ഈ ഓട്ടോയ്ക്ക് വി.വി.ഐ.പി. പദവി കൈവന്നിരിക്കുന്നത്. ഓടിക്കുന്നത് ടൈ കെട്ടി ടിപ്‌ടോപ് വേഷത്തില്‍ ഔദ്യോഗിക സാരഥി.
മെക്‌സിക്കോയിലെ പ്രശസ്ത കലാകാരന്റെ വക ഓട്ടോയില്‍ ചിത്രപ്പണികള്‍ ആവോളം. നയതന്ത്ര വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന നീല നിറത്തിലുള്ള പ്രത്യേക നമ്പര്‍ പ്ലേറ്റാണു വാഹനത്തിന്. പോരാത്തതിന് മെക്‌സിക്കോയുടെ ദേശീയ പതാകയുമുണ്ട്. അങ്ങനെ ആരേയും ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഓട്ടോയിലുണ്ട്. കോടികള്‍ വിലമതിക്കുന്ന കാറുകളില്‍ നയതന്ത്ര പ്രതിനിധികള്‍ ചുറ്റിക്കറങ്ങുമ്പോഴാണ് മെക്‌സിക്കന്‍ പ്രതിനിധിയുടെ വേറിട്ട യാത്ര. ഇത് പലപ്പോഴും അദ്ദേഹത്തിന് കുരിശാവുകയുമുണ്ട്. എങ്കിലും മാറാന്‍ തയ്യാറല്ല.
കഴിഞ്ഞ ദിവസം ഔദ്യോഗിക വാഹനം ഡല്‍ഹിയിലെ സാംസ്‌കാരിക കേന്ദ്രമായ ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ പാര്‍ക്ക് ചെയ്യാന്‍ സുരക്ഷാ ജീവനക്കാര്‍ വിലക്കിയതോടെയാണ് സംഗതി വാര്‍ത്തയായത്. നയതന്ത്ര പ്രതിനിധി ഓട്ടോയില്‍ വരുമെന്ന് അവര്‍ സ്വപ്‌നത്തില്‍ക്കൂടി കരുതിയിരുന്നില്ല. ഔദ്യോഗിക ക്ഷണപ്രകാരം ഹാബിറ്റാറ്റ് സെന്ററില്‍ പ്രഭാഷണത്തിന് എത്തിയതായിരുന്നു മെല്‍ബ. പ്രഭാഷണ വിഷയം പൊതുഗതാഗതവും.
നയതന്ത്ര പ്രതിനിധിയുടെ വാഹനം തടഞ്ഞെന്ന ഗുരുതരമായ പ്രശ്‌നം അറിഞ്ഞ് സംഘാടകര്‍ പാഞ്ഞെത്തി. പക്ഷേ, യാതൊരു കാരണവശാലും കുലീനമായ സാംസ്‌കാരിക കേന്ദ്രത്തില്‍ ഓട്ടോ കയറ്റാനാവില്ല എന്ന നിലപാടില്‍ ഹാബിറ്റാറ്റ് സെന്റര്‍ അധികൃതരും ഉറച്ചു നിന്നു ഇതോടെ വി ഐ പി ഓട്ടോ പുറത്ത് കടക്കേണ്ടിവന്നു.