ന്യൂഡല്‍ഹി: ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ലോധി റോഡിലെ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പാലസ്തീന്‍ അംബാസിഡര്‍ വയല്‍ അല്‍ബത്തറേഖിയും പ്രമുഖ ഹോളിവുഡ് സംവിധായകനും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപകനുമായ സോഹന്‍ റോയിയും ചേര്‍ന്നാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്. മലയാളം മാധ്യമങ്ങളില്‍ നിന്ന് ഡല്‍ഹിയിലെ ജയ്ഹിന്ദ് ടി.വി സീനിയര്‍ ന്യൂസ് എഡിറ്ററും, വീക്ഷണം ദിനപത്രത്തിന്റെ ബ്യൂറോ ചീഫുമായ ബി.എസ്.ഷിജു അവാര്‍ഡിന് അര്‍ഹനായി. പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡാണ് ഷിജുവിന് ലഭിച്ചത്.
മാധ്യമരംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയവരെയാണ് ഇന്‍ഡിവുഡ് ഗ്രൂപ്പ് മീഡിയ എക്സലന്‍സ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പുരസ്‌കാരം നേടിയവരില്‍ മലയാള മാധ്യമങ്ങളില്‍ നിന്നുള്ള ഏകമാധ്യമ പ്രവര്‍ത്തകനും ബി.എസ്.ഷിജുവാണ്. ടൈംസ് നൗവിലെ പ്രേമ ശ്രീദേവി, ആജ്തക്ക് ന്യൂസിലെ ഗിരീഷ് നായര്‍, എ.എഫ്.പി ചീഫ് ഫോട്ടോഗ്രാഫര്‍ രവീന്ദ്രനാഥ് എന്നിവരാണ് പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായ ദേശീയ മാധ്യമങ്ങളിലെ മലയാളികള്‍. ന്യൂസ് 24*7-ലെ സീനിയര്‍ മാധ്യമ പ്രവര്‍ത്തകനും മലയാളിയുമായ ജേക്കബ് മാത്യുവിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചു.
നിയമ കമ്മീഷന്‍ അംഗം പ്രൊഫ. ഡോ.ശിവകുമാര്‍, ജയ്പൂര്‍ രാജകുടുംബാംഗം ഉര്‍വശിസിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് സോഹന്‍ റോയുടെ നേതൃത്തില്‍ ആരംഭിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍ഡിവുഡ്.
ഇന്‍ഡിവുഡ് നടത്തുന്ന ഫിലിം കാര്‍ണിവലില്‍ മൂന്നാം പതിപ്പിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ഡിസംബര്‍ 1 മുതല്‍ 4 വരെ രാമോജി ഫിലിം സിറ്റിയിലാണ് കാര്‍ണ്ണിവല്‍ നടക്കുകയെന്ന് സോഹന്‍ റോയ് അറിയിച്ചു.
—