രാമക്ഷേത്ര നിര്‍മാണത്തിനൊരുങ്ങി ആര്‍എസ്എസ് അയോധ്യയില്‍; ക്ഷേത്രത്തിനായി എത്തിച്ചത് രണ്ടു ട്രക്ക് സാമഗ്രികള്‍; സംഘര്‍ഷ സാധ്യത

അയോധ്യ: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ മൗന സമ്മതത്തോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പദ്ധതിയുമായി ആര്‍എസ്എസ് മുന്നോട്ട്. ഏതു നിമിഷം വേണമെങ്കിലും വിവാദ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കേണ്ടി വരുമെന്ന സാധ്യതമുന്നില്‍ കണ്ട് ഇവിടെ അയ്യായിരത്തോളം കര്‍സേവകരെയാണ് ആര്‍എസ്എസ് എത്തിച്ചിരിക്കുന്നത്. ഇതിനകം രണ്ട് ട്രക്ക് കല്ല് അയോദ്ധ്യയിലെ കര്‍സേവക് പുരത്തെത്തിച്ചുകഴിഞ്ഞു. വരും ദിനങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചേരുമെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത് വക്താവ് ശരദ് ശര്‍മ്മ ഇക്കാര്യം സ്ഥിരീകരിച്ചു. ക്ഷേത്ര നിര്‍മ്മാണം സുനിശ്ചിതമായ കാര്യമാണ്. രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് ശിലാപൂജ കഴിച്ചതാണ്. നിര്‍മ്മാണത്തിനുള്ള പ്രഖ്യാപനം വന്നാല്‍ പിന്നെ വൈകരുത്. അതിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്, ശര്‍മ്മ വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍മ്മാണ വസ്തുക്കള്‍ കര്‍സേവപുരത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അയോദ്ധ്യയില്‍ ഒരുതരത്തിലുള്ള നിയമലംഘനങ്ങളും നടന്നിട്ടില്ലെന്നും കാര്യങ്ങള്‍ സമാധാനപൂര്‍ണ്ണമാണെന്നും പറഞ്ഞ ഫൈസാബാദ് സീനിയര്‍ പോലീസ് സൂപ്രണ്ട് മൊഹിത് ഗുപ്ത പോലീസ് കര്‍ശനമായ നിരീക്ഷണം നടത്തികൊണ്ടിരിക്കുകയാണെന്ന് വിശദീകരിച്ചു. നിയമ ലംഘനം അനുവദിക്കില്ല, സൂക്ഷ്മമായ നീരീക്ഷണമാണ് ഞങ്ങള്‍ നടത്തുന്നത്. കല്ലുകള്‍ എത്തിയിട്ടുണ്ട്, അവ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ്. ഇതിന്റെ പേരില്‍ ഒരു പ്രശ്‌നവും ഇവിടെയില്ല. സമാധാന ലംഘനം ഉണ്ടാകാന്‍ അനുവദിക്കില്ല, ഗുപ്ത പറഞ്ഞു.

നിര്‍ദ്ദിഷ്ട രാമക്ഷേത്ര നിര്‍മ്മാണത്തിന് രണ്ടേകാല്‍ ലക്ഷം ചതുരശ്ര അടി കല്ലു വേണം. അതില്‍ ഒന്നേകാല്‍ ലക്ഷം ച. അടി അയോദ്ധ്യയിലെ വിഎച്ച്പി ആസ്ഥാനത്തുണ്ട്. ശേഷിക്കുന്ന ഒരു കോടി ഞങ്ങള്‍ വിശ്വാസികളില്‍നിന്നു ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, എന്ന് അന്തരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് അശോക് സിംഗാള്‍ ഗുഡ്ഗാവില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ക്ഷേത്ര നിര്‍മാണം സജീവ അജണ്ടയാക്കി ആര്‍എസ്എസ് രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍, ഇതിനോടു പ്രതികരിക്കാന്‍ മറ്റു മുസ്ലീം സംഘടനകള്‍ ഇനിയും തയ്യാറായിട്ടില്ല. സൂക്ഷിച്ചാണ് ഇവരുടെ ഓരോ പ്രതികരണങ്ങളും.

Top