ശബരിമലയില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീട് ആക്രമിച്ചു. കണ്ണൂരിലെ കണ്ണപുരം അയ്യോത്ത് സ്വദേശിയായ രേഷ്മ നിഷാന്തിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. വര്‍ഷങ്ങളായി എല്ലാ മണ്ഡലകാലത്തും മാലയിട്ട് വ്രതമെടുക്കാറുള്ള വ്യക്തിയാണ് രേഷ്മ. അയ്യപ്പസ്വാമിയെ കണ്ട് തൊഴണം എന്ന ആഗ്രഹം സുപ്രീം കോടതി വിധിയോട്കൂടി സാധ്യമാകും എന്നും അതിന് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും സഹായം വേണമെന്നും ഇന്ന രേഷ്മ അറിയിച്ചിരുന്നു.
എന്നാല്‍ അവരുടെ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ തെറിവിളികളും വധഭീഷണിയും മുഴക്കുകയും ചെയ്തു. അയ്യപ്പഭക്തന്മാര്‍ എന്ന പേരില്‍ പന്തം കൊളുത്തി പ്രകടനമായെത്തിയ ഒരു കൂട്ടം ആണുങ്ങളാണ് വീട് ആക്രമിക്കുകയും വധഭീഷണികള്‍ മുഴക്കുകയും ചെയ്തത്. പ്രകടനമായെത്തി വീട്ടുവളപ്പില്‍ അതിക്രമിച്ചു കിടന്ന ഇവര്‍ വീടിനു മുന്നിലെത്തി വീട്ടുകാരെ വിളിച്ചിറക്കി കേട്ടാലറയ്ക്കുന്ന തെറിയഭിഷേകവും അസഭ്യ വര്‍ഷവും കൊല്ലുമെന്നുള്ള ഭീഷണികളും മുഴക്കി എന്ന് വീട്ടുകാര്‍ പറയുന്നു.
രാത്രി ഏറെ വൈകിയും ഭീഷണികളും തെറിവിളികളും തുടരുകയാണ്. വിപ്ലവത്തിനല്ല, അയ്യപ്പനോടുള്ള ഭക്തികൊണ്ടാണ് ശബരിമല കയറി അയ്യപ്പനെ തൊഴണമെന്ന് ആഗ്രഹം തോന്നിയതെന്നു കോളേജ് അധ്യാപിക കൂടിയായ രേഷ്മ പറഞ്ഞു.
മല കയറാനാവില്ലെന്ന് ഉറപ്പാണെങ്കിലും എല്ലാ മണ്ഡലകാലത്തും മാലയിടാതെ വ്രതം നോല്‍ക്കാറുണ്ടെന്നും ഇത്തവണ മലയ്ക്ക് പോയി അയ്യപ്പനെ കാണാന്‍ ആഗ്രഹമുണ്ടെന്നും കാണിച്ച് രേഷ്മ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ ആണ് അക്രമണങ്ങള്‍ക്ക് തുടക്കമായത്. ശബരിമല ആചാര സംരക്ഷണത്തിനു വേണ്ടി അശ്രാന്തം പ്രവര്‍ത്തിക്കുന്ന, ഫെയ്ക്കും അല്ലാത്തതുമായ നൂറുകണക്കിന് പ്രൊഫൈലുകളില്‍ നിന്ന് റേപ്പ്, വധ ഭീഷണികളും അസഭ്യവര്‍ഷങ്ങളും രേഷ്മ ടീച്ചര്‍ക്ക് കിട്ടിക്കൊണ്ടിരുന്നു.
ടീച്ചറുടെ പോസ്റ്റും ഫോട്ടോകളും ഗ്രൂപ്പുകളില്‍ പങ്കുവച്ച് കാവിപ്പട അടക്കമുള്ള ഗ്രൂപ്പുകളില്‍ റേപ്പാഹ്വാനങ്ങളും വധ ഭീഷണികളും അശ്ലീല വര്‍ഷവും തുടര്‍ന്നു. രേഷ്മയുടെ ഭര്‍ത്താവ് നിഷാന്തിനു നേരെയും കൊലവിളികള്‍ ഉയര്‍ന്നു. അതിനു ശേഷമാണ് വീടിനു നേരെ ആക്രമണമുണ്ടായത്. ആ പരിസരത്തുള്ളവരൊന്നും അക്രമികളുടെ കൂട്ടത്തിലില്ലെന്ന് രേഷ്മയും വീട്ടുകാരും തറപ്പിച്ചു പറയുന്നു. പുറത്തു നിന്നു വന്നവരാണെന്നുറപ്പ്. ഓണ്‍ലൈനിലും നേരിട്ടുമുള്ള ഭീഷണികളും അസഭ്യവര്‍ഷങ്ങളും തുടരുകയാണ്.