കൊച്ചി: ഒടുവിൽ ദുരൂഹതകൾ ആരോപിച്ച പത്തനംതിട്ടയിലെ അയ്യപ്പഭക്തന്റെ മരണകാരണം രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. തുടയെല്ല് പൊട്ടിയാണ് രക്തസ്രാവം ഉണ്ടായത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച ശിവദാസന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല. മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. വിഷം ഉള്ളില്‍ ചെന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.
വ്യാഴാഴ്ച്ചയാണ് ശബരിമലയ്ക്ക് സമീപം ളാഹ വനത്തില്‍ ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ(60) മൃതദേഹം കണ്ടെത്തിയത്. തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിച്ചിരുന്നു.
എന്നാല്‍, ശിവദാസന്റെ മകന്‍ പൊലീസിന് നല്‍കിയ മൊഴി പുറത്ത് വന്നതോടെയാണ് ശിവദാസന്റെ മരണം പൊലീസ് നടപടി മൂലമല്ലെന്ന് തെളിഞ്ഞത്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നടപടികള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ പതിനേഴാം തീയതിയാണ്. അതിന് പിറ്റേന്ന് ഒക്ടോബര്‍ 18 നാണ് അച്ഛന്‍ ശബരിമലക്ക് പോയതെന്ന് മകന്റെ മൊഴിയില്‍ പറയുന്നു. ഒക്ടോബര്‍ 19 ന് രാവിലെ ഒരു തമിഴ്‌നാട്ടുകാരന്റെ മൊബൈലില്‍ നിന്നും ശിവദാസന്‍ വീട്ടില്‍ വിളിച്ച് അമ്മയോട് താന്‍ തൊഴുതിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചു. ആ നമ്പറില്‍ തിരിച്ചു വിളിച്ചതായും ഒരു തമിഴ് സംസാരിക്കുന്നയാളാണ് ഫോണ്‍ എടുത്തതെന്നും മൊഴിയില്‍ പറയുന്നു.