ആര്‍.എസ്.എസിന് ഇരട്ടത്താപ്പ് :അസം ഖാന്‍.ഡല്‍ഹി ഇമാമിന്റെ മകന്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്തതിനോട് മൗനംപാലിക്കുന്നതെന്ത്?

റാംപൂര്‍: യു.പിയിലെ വിവാദ മന്ത്രി അസം ഖാന്‍ ആര്‍.എസ്.എസിനെതിരെ രംഗത്ത്. ലൗ ജിഹാദ് ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്ന ആര്‍.എസ്.എസ് എന്തുകൊണ്ടാണ് ഡല്‍ഹി ഇമാം സെയ്ദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്തിട്ടും പ്രതികരിക്കാത്തതെന്ന് അസം ഖാന്‍ ചോദിച്ചു. ഹിന്ദു സംഘടനകളുമായി ബുഖാരിക്കുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ് ആര്‍.എസ്.എസിന്റെ മൗനമെന്നും അസം ഖാന്‍ പറഞ്ഞു.
അസം ഖാന്റെ മണ്ഡലമായ റാംപൂരില്‍ പരസ്യമായി ഗോവധം നടക്കുന്നുവെന്നും എന്നാല്‍ അസം ഖാനെ ഭയന്ന് ആരും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും ബുഖാരി കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പ്രസ്താവിച്ചിരുന്നു. അസം ഖാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി പരാജയപ്പെടുമെന്നും ബുഖാരി പ്രസ്താവിച്ചിരുന്നു. ബുഖാരിയുടെ രൂക്ഷവിമര്‍ശനത്തിന് മറുപടിയെന്നോണമാണ് അസം ഖാന്‍ അദ്ദേഹത്തിന്റെ മകന്‍ ഹിന്ദു യുവതിയെ വിവാഹം ചെയ്ത വിഷയം ഉന്നയിച്ച് രംഗത്തു വന്നത്.
ബുഖാരിയുടെ മകന്‍ ഭാവി ഇമാമാകുമെന്ന കാര്യം അറിയാമായിരുന്നിട്ടു പോലും ഹിന്ദു യുവതിയുമായുള്ള വിവാഹത്തിനെതിരെ ആര്‍.എസ്.എസ് ഒന്നും പറഞ്ഞിട്ടില്ല. ഇത് അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ബുഖാരി കാവിക്കുടുംബത്തിലെ അംഗം തന്നെയാണെന്നും അസം ഖാന്‍ പറഞ്ഞു. ഡല്‍ഹി ഇമാമിന്റെ മകന് പകരം മറ്റൊരാളായിരുന്നു ഹിന്ദു യുവതിയെ വിവാഹം ചെയ്തിരുന്നതെങ്കില്‍ ആര്‍.എസ്.എസിന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ലെന്നും അസം ഖാന്‍ പറഞ്ഞു.

Top