ബോളിവുഡെന്നോ ഹോളിവുഡെന്നോ മോളിവുഡെന്നോ വ്യത്യാസമില്ലിതെയാണ് പീഡനവാര്‍ത്തകള്‍ പുറത്ത് വരുന്നത്. കേരളത്തില്‍ പ്രമുഖ നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച വാര്‍ത്ത ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയതാണ്. സിനിമയില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി നടിമാരെ നിര്‍മ്മാതാക്കളും സംവിധായകരും നടന്മാരും ഉള്‍പ്പെടെ ഉള്ളവര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നു കഴിഞ്ഞു. ഏറ്റവും ഒടുവിലായി തെലുങ്ക് സിനിമയെ ആണ് പീഡന ആരോപണം പിടിച്ച് കുലുക്കിയിരിക്കുന്നത്. അതും ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലെ അഭിനേതാവിന് എതിരെയാണ് പീഡന ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാഹുബലി ഒന്നാം ഭാഗത്തില്‍ പ്രഭാസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി അഭിനയിച്ച നടന്‍ വെങ്കട പ്രസാദ് ആണ് അറസ്റ്റിലായിരിക്കുന്നത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് മള്‍ടിപ്ലക്‌സിന്റെ മാനേജര്‍ കൂടിയാണ് വെങ്കട് പ്രസാദ്. കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രസാദ് തന്നെ പീഡിപ്പിക്കുന്നുവെന്ന മുപ്പത്തിമൂന്ന്കാരിയുടെ പരാതിയെ തുടര്‍ന്നാണ് ഹൈദരാബാദ് ജൂബിലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ഏഴ് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്.
പ്രസാദ് ഐമാക്‌സ് മള്‍ടിപ്ലക്‌സിലെ ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്ന യുവതി. പ്രസാദ് തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ഇടക്കാലത്ത് യുവതിക്ക് സംശയം തോന്നിയിരുന്നു. അതുകൊണ്ട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് പ്രസാദ് സമ്മതിച്ചില്ല. മാത്രമല്ല വിവാഹക്കാര്യം പറഞ്ഞപ്പോള്‍ പ്രസാദ് തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിക്കാരിയായ യുവതി വിവാഹ മോചിതയാണ്. പത്ത് വര്‍ഷം മുന്‍പ് വിവാഹിതയായ യുവതി ഭര്‍ത്താവില്‍ നിന്നും അകന്നായിരുന്നു ജീവിച്ചിരുന്നത്. ഇക്കാലത്ത് പ്രസാദ് യുവതിയുമായി അടുത്തു. വിവാഹം ചെയ്യാം എന്ന് വാക്ക് നല്‍കി പല തവണ യുവതിയെ പ്രസാദ് പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഒരു വര്‍ഷം മുന്‍പ് യുവതി നിയമപരമായി വിവാഹ മോചനം നേടിയിരുന്നു. പ്രസാദ് തന്നെ രണ്ട് വട്ടം ഗര്‍ഭിണിയാക്കിയെന്നും യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ രണ്ട് തവണയും നിര്‍ബന്ധിച്ച് അബോര്‍ഷന്‍ ചെയ്യിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. തന്നെ ഒഴിവാക്കിയ ശേഷം പ്രസാദ് മറ്റൊരു യുവതിയുമായി ബന്ധത്തിലാണെന്നും ഇവര്‍ ആരോപിക്കുന്നു.