ഹൈദരാബാദ്: കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി രാജ്യ വ്യാപകമായി റെയ്ഡുകള്‍ തുടരുന്നു. ബാഹുബലി സിനിമയുടെ നിര്‍മാതാക്കളുടെ വീടുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയാണ്.
നിര്‍മാതാക്കളായ ഷോബു യാലഗാഡ, പ്രസാദ് ദെവിനേനി എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. വന്‍തോതിലുള്ള കള്ളപ്പണമുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരുടെ ഓഫീസുകളിലും വീടുകളിലും ഒരേസമയത്താണ് റെയ്ഡ് തുടരുന്നത്.
ലോകം മുഴുവനായി 650 കോടി രൂപയുടെ ബിസിനസ് നടന്ന ചിത്രമാണ് ഒരേ സമയം തമിഴിലും, തെലുങ്കിലും പുറത്തിറങ്ങിയ ബാഹുബലി. നൂറു കണക്കിനു കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ വിതരണാവകാശം വിറ്റു പോയത്. ഈ ചിത്രം പിന്നീട് ഹിന്ദിയുള്‍പ്പെടെ മറ്റു ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യുകയുമുണ്ടായി.
പിന്‍വലിക്കപ്പെട്ട 500, 1000 കറന്‍സികള്‍ ഏതാണ് 60 കോടി രൂപയ്ക്കു തുല്യമായ അളവില്‍ ഇവിടങ്ങളില്‍ ഉണ്ടാകും എന്ന നിഗമനത്തേത്തുടര്‍ന്നായിരുന്നു റെയ്ഡ്. റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ ഡല്‍ഹിയും, മുംബൈയുമുള്‍പ്പെടെ രാജ്യത്തെ വിവിധ പ്രധാനനഗരങ്ങളില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സ്വര്‍ണ്ണവ്യാപാര സ്ഥാപനങ്ങള്‍, പണമിടപാടു സ്ഥാപനങ്ങള്‍, നാണയവിനിമയകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
പുതിയ നോട്ടുകളുടെ കമീഷന്‍ കച്ചവടം തടയുന്നതിന്റെ ഭാഗമായി ദില്ലി, മുംബൈ, തിരുവനന്തപുരം നഗരങ്ങളിലും റെയ്ഡുകള്‍ നടക്കുകയാണ്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 50 ലക്ഷം അനധികൃത പണം കണ്ടെത്തി. നാഗാലാന്റിലേക്കുള്ള യാത്രക്കാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. തിരുവനന്തപുരത്തെ കവടിയാര്‍, ശാസ്തമംഗലം എന്നിവിടങ്ങളില്‍ നിന്നും കള്ളപ്പണം പിടികൂടിയിട്ടുണ്ട്.