ലക്‌നൗ: ഗുംനാമി ബാബയായി ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍ ജീവിച്ചത് നേതാജി സുബാഷ് ചന്ദ്രബോസായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍. ഗുംനാമി സ്വാമിയുടെ പെട്ടിയില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇക്കാര്യത്തില്‍ സംശയമുണര്‍ത്തിയിരിക്കുന്നത്. വിമാനാപകടത്തെ അതിജീവിച്ച നേതാജി പ്രച്ഛന വേഷത്തില്‍ ജീവിക്കുകയായിരുന്നുവെന്ന സംശയത്തെ ബലപ്പെടുത്തുന്നതായിരുന്നു ചൊവ്വാഴ്ച ഫൈസാബാദ് ട്രഷറിയില്‍ നിന്ന് കണ്ടെത്തിയ നേതാജിയുടെ പഴയ കുടുംബ ഫോട്ടോകള്‍.
ജില്ലാ ട്രഷറി തുറന്ന് പരിശോധന നടത്തുന്നതിന് ഇടയില്‍ നേതാജിയുടെ കുടുംബ ചിത്രങ്ങള്‍ക്കൊപ്പം മാതാപിതാക്കളായ പ്രഭാവതി ബോസ്, ജന്‍കിനാഥ് ബോസ് എന്നിവരുടെ ചിത്രവും ഗുംനാമി ബാബയുടെ പെട്ടിയില്‍ കണ്ടെത്തി. 19821985 കാലഘട്ടത്തിലാണ് ഗുംനാമി ബാബ അവസാന നാളുകള്‍ ഇവിടെ ചെലവഴിച്ചത്. ബാബ കഴിഞ്ഞിരുന്ന രാം ഭവന്റെ ഉടമസ്ഥനായ ശക്തി സിങ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 22 കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 1986ല്‍ നേതാജിയുടെ സഹോദരപുത്രി ലളിത ബോസ് രാം ഭവന്‍ സന്ദര്‍ശിച്ചിരുന്നു. രാം ഭവിനില്‍ അന്നുണ്ടായിരുന്ന ഈ ചിത്രങ്ങള്‍ തിരിച്ചറിയുകയും ചെയ്തിരുന്നു.
നേതാജിയുടെ പിറന്നാളിനും ദുര്‍ഗാ പൂജ ദിനത്തിലും മുന്‍ ഐഎന്‍എ ഇന്‌റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബാബയ്ക്ക് അയച്ച ടെലഗ്രാമുകളും ഈ പെട്ടിയിലുണ്ട്. പെട്ടികളില്‍ നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ സൈനികര്‍ ഉപയോഗിച്ചിരുന്ന ബൈനോകുലര്‍ കണ്ടെത്തിയതും നേതാജിയാണ് ഗുംനാമി ബാബയെന്ന സംശയം ബലപ്പെടുത്തുന്നു.
ഗുംനാമി ബാബയുടേതെന്ന് കരുതപ്പെടുന്ന 27 പെട്ടികളാണ് ഫൈസിയബാദ് ട്രഷറിയില്‍ ഉള്ളത്. ഇവ പരിശോധിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്. പരിശോധന പൂര്‍ത്തിയായ ശേഷം വിവരം പരസ്യപ്പെടുത്തും. നേരത്തെ കൊല്‍ക്കത്തയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എയും നേതാജിയുടെ രക്തസാംപിളും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് കണ്ടെത്തിയിരുന്നു. നേതാജിയുടെ തിരോധാനം അന്വേഷിച്ച ജസ്റ്റിസ് എ.കെ മുഖര്‍ജി കമ്മീഷന്‍ ഇരുവരും ഒരാളല്ലെന്ന് ഇതോടെ തീര്‍പ്പാക്കിയിരുന്നു. എങ്കിലും ഗുംനാമി ബാബതന്നെയാണ് നേതാജി എന്ന വിശ്വസത്തിലാണ് ബന്ധുക്കളുമുള്ളത്.