ഡെറാഡൂണ്‍: ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തന്റെ വ്യവസായ ശൃംഖല വലുതാക്കിയ ബാബാം രാംദേവ് ഇപ്പോള്‍ വിവാദത്തില്‍. ആണ്‍കുട്ടികളുണ്ടാകാന്‍ തന്റെ പക്കല്‍ മരുന്നുണ്ടെന്നു രാംദേവിന്റെ പ്രഖ്യാപനമാണ് ഇദ്ദേഹത്തെ ഇപ്പോള്‍ വിവാദത്തിന്റെ മുള്‍മുനയില്‍ എത്തിച്ചിരിക്കുന്നത്. ഇതിനിടെ യോഗ ആചാര്യന്‍ ബാബാ രാംദേവിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ ഉത്പന്നം പുത്രജീവക് ബീജിനെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ റിപ്പോര്‍ട്ടു നല്‍കി. ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഉത്്പന്നങ്ങള്‍ പരസ്യം ചെയ്തിരുന്നത്.
ഇതിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. അന്വേഷണറിപ്പോര്‍ട്ട് രാംദേവിന് അനുകൂലമല്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് അറിയിച്ചു. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിനു കൈമാറും. അതേസമയം ഉത്പന്നത്തിന് അത്തരം പ്രത്യേകതകള്‍ ഉണ്ടെന്നു താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് ബാബാ രാംദേവ് പ്രതികരിച്ചു.
ഇതിനിടെ ബാബാ രാംദേവിന്റെ കമ്പനി വിപണയില്‍ ഇറക്കുന്ന ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.