ഡിസ്പൂര്‍: ബാബാരംദേവിന്റെ ഫാക്ടറി നിര്‍മ്മാണത്തിനിടെ അപകടത്തില്‍ പെട്ട് ആന ചെരിഞ്ഞ സംഭവത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം വനംമന്ത്രിയുടെ ഉത്തരവ്. തേസ്പൂരിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിലാണ് ആന ചെരിഞ്ഞത്.ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വനം മന്ത്രി പ്രമീള റാണി ബ്രഹ്മ നിര്‍ദ്ദേശം നല്‍കി. പതഞ്ജലി കമ്പനി പ്രദേശത്തുണ്ടാക്കിയ വലിയ കുഴിയില്‍ വീണാണ് പിടിയാനയ്ക്ക് ഗുരുതര പരുക്കേറ്റത്. 24 മണിക്കൂര്‍ കഠിനവേദനയില്‍ പരുക്കേറ്റ് കിടന്ന ആന പിന്നീട് ചെരിയുകയായിരുന്നു.
10 അടി താഴ്ചയുള്ള കുഴിയില്‍ വീഴുന്ന രണ്ടാമത്തെ ആനയായിരുന്നു കൊല്ലപ്പെട്ട പിടിയാന. ആദ്യം കുഴിയില്‍ വീണത് ഒരു കുട്ടിയാനയായിരുന്നു. പിന്നാലെയാണ് ബുധനാഴ്ച പിടിയാന കുഴിയില്‍ വീണത്. പരുക്കേറ്റ ആനയുടെ മുകളിലേക്ക് മറ്റൊരു കൊമ്പനാന വീണതോടെയാണ് പിടിയാനക്ക് ഗുരുതരമായി പരുക്കേറ്റത്. ഒരു കാല്‍ ഒടിയുകയും തലയില്‍ ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത പിടിയാനയ്ക്ക് കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. കൊമ്പനാന ഒരു വിധത്തില്‍ കുഴിയില്‍ നിന്ന് കരകയറി.മണിക്കൂറുകള്‍ കഠിനവേദനയില്‍ കുഴിയില്‍ കിടന്ന ആനയ്ക്ക് പിന്നീട് വനംവകുപ്പ് അധികൃതര്‍ ചികില്‍സ നല്‍കി. എന്നാല്‍ പിടിയാനയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വളരെ ദാരുണമായ സംഭവമാണ് വനമേഖലയിലുണ്ടായതെന്ന് അസം വനമന്ത്രി പ്രതികരിച്ചു. ആനകളുടെ സഞ്ചാര മേഖലയിലാണ് പതഞ്ജലിക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിച്ചിരുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ വലിയ കുഴി നിര്‍മ്മിക്കുകയും കൃത്യമായി സംരക്ഷണം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത കമ്പനിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി വനം മന്ത്രി ബ്രഹ്മ പറഞ്ഞു.