കോട്ടയം: ബാര്‍ കോഴക്കേസില്‍ കിരീടവും ചെങ്കോലും നഷ്ടമായി മുന്‍മന്ത്രിമാരായി മാറിയ കെ.ബാബുവും, കെ.എം മാണിയും വീഴുന്നത് റെക്കോര്‍ഡ് വര്‍ഷത്തില്‍. എംഎല്‍എ ആയതിന്റെ അന്‍പതാം വര്‍ഷത്തിലാണ് പാലാ കരിങ്ങോഴയ്ക്കല്‍ മാണി മാണി എന്ന കേരള കോണ്‍ഗ്രസിന്റെ അതികായന്‍ ആദ്യമായി കോഴക്കേസില്‍ കുടുങ്ങി മന്ത്രി സ്ഥാനത്തു നിന്നു താഴെ വീഴുന്നത്. എംഎല്‍എ ആയതിന്റെ കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന കാലത്ത് കെ.ബാബു എന്ന തൃപ്പൂണിത്തുറ എംഎല്‍എ മന്ത്രി സ്ഥാനത്തു നിന്നു തെറിക്കുന്നത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം.
1975 ല്‍ ആദ്യമായി മന്ത്രി സ്ഥാനത്തെത്തിയ കേരള കോണ്‍ഗ്രസിന്റെ മാണിസാറിനു പിന്നീട് യുഡിഎഫ് അധികാരത്തിലെത്തിയപ്പോഴേല്ലാം ഏറ്റവും മികച്ച മന്ത്രിസ്ഥാനങ്ങള്‍ തന്നെ ലഭിച്ചിട്ടുണ്ട്. കുട്ടിയമ്മയും അഞ്ചു പെണ്‍മക്കളുമായി പാലായിലെ വീട്ടില്‍ കഴിയുന്ന കെ.എം മാണിക്കു, അച്ഛന്റെ രാഷ്ട്രീയ പാത പിന്‍തുടരുന്ന മകന്‍ ജോസ് കെ.മാണിയെ എംപിയമാക്കാനും സാധിച്ചിട്ടുണ്ട്. ആദ്യം മൂവാറ്റുപുഴയില്‍ മത്സരിച്ചു പരാജയപ്പെട്ട ജോസ് കെ.മാണി പിന്നീട് തുടര്‍ച്ചായായി രണ്ടു തവണ കോട്ടയം നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് എംപിയായി തുടരുകയാണ്.
കേരളത്തിലെ എല്ലാ ബാറുകളും അടച്ചു പൂട്ടാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കമാണ് ഈ രണ്ട് അതികായരെയും അധികാരത്തില്‍ നിന്നും അകറ്റിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും മുന്‍പു തന്നെ ബാബു മന്ത്രിയാകുമെന്നു ഉറപ്പു നല്‍കിയത് അന്നത്തെ കെപിസിസി പ്രസിഡന്റും ഇപ്പോള്‍ മന്ത്രിയുമായ രമേശ് ചെന്നിത്തലയും, അന്നത്തെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ബാബുവിന്റെ വിജയം കോണ്‍ഗ്രസിനു ഇത്രത്തോളം ഉറപ്പായിരുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ചരിത്രം നോക്കി നില്‍ക്കെ മന്ത്രിസഭയില്‍ ബാബു തിളങ്ങിയെത്തി.
ആദ്യം എക്‌സൈസ് വകുപ്പ് വച്ചു നീട്ടിയ മുഖ്യമന്ത്രിയോടു ബാബു ഈ വകുപ്പ് വേണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിന്റെ നിര്‍ദേശം അനുസരിച്ചു മന്ത്രി സ്ഥാനം സ്വീകരിക്കുകായയിരുന്നു. കോണ്‍ഗ്രസിന്റെ ഫണ്ട് റേസര്‍മാരില്‍ പ്രധാനിയായ ബാബുവിനു വിനയായതും ഫണ്ട് കണ്ടെത്തുന്നതിലെ ഈ വലിയ കഴിവായിരുന്നു. ഒടുവില്‍ ബാബുവിന്റെ ഇതേ കഴിവിനെ തന്നെ ബാര്‍ മുതലാളിമാര്‍ കുടുക്കുകയായിരുന്നു. പാര്‍ട്ടിക്കു വേണ്ടി ബാബുവാങ്ങിയ പണം കോഴപ്പണമാക്കി ബാര്‍ മുതലാളിമാര്‍ കളിച്ചതോടെ ബാബു പടിക്കു പുറത്തായി.