ബാലതാരമായി വന്ന് പിന്നീട് നായികയായി മലയാളത്തില്‍ തിളങ്ങിയ അഞ്ജുവിനെ അത്ര പെട്ടന്ന് മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല.മലയാളത്തിലെ മുന്‍നിര താരങ്ങളുടെ മകളായും പിന്നീട് നായികയായും അഞ്ജു വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം തമിഴ് സീരിയലുകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും അഞ്ജുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നു.
അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ പെട്ടെന്നാണ് പ്രചരിച്ചത്. ഏറെ നിരാശപ്പെടുത്തിയ വാര്‍ത്തയ്ക്ക് താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് വ്യക്തമാക്കി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു. ‘വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇത് എന്നെയും എന്റെ കുടുംബത്തെയും മാനസികമായി തളര്‍ത്തുന്നു’ണ്ടെന്ന് അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.
അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. ‘അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. ഒരുപാട് പേര്‍ അവര്‍ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?’നാട്ടി ചോദിക്കുന്നു.