ലെസ്റ്റര്‍: മൂന്നാഴ്ച മുമ്പ് ശരീരത്തിന് പുറത്ത് ഹൃദയവുമായി അപൂര്‍വ്വ അവസ്ഥയിലാണ് വനെല്ലോപ് ഹോപ് വില്‍കിന്‍സ് എന്ന പെണ്‍കുട്ടി പിറന്നുവീണത്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്തുതന്നെ തന്നെ വളരെ അപൂര്‍വ്വം ശിശുജനനങ്ങളാണ് ഈവിധത്തില്‍ നടന്നിട്ടുള്ളത്. ഇങ്ങനെ ജനിച്ചത് കൂടുതലും ചാപിള്ളകളും മറ്റുള്ള ശിശുക്കള്‍ അധികം വൈകാതെ മരണമടയുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ അപൂര്‍വ്വമായ ശസ്ത്രക്രിയ നടത്തി ലെയ്‌സെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രി കുഞ്ഞിന്റെ ഹൃദയം നെഞ്ചിനുള്ളിലാക്കി. കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. നെഞ്ചിന്‍കൂട് പോലുമില്ലാതെ പിറന്ന കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. നെഞ്ചില്‍ മൂന്ന് ഓപ്പറേഷനുകള്‍ നടത്തിയാണ് ഡോക്ടര്‍മാര്‍ ഹൃദയം അകത്താക്കി തുന്നിച്ചേര്‍ത്തത്. എക്ടോപിയ കോര്‍ഡിസ് എന്നുപറയുന്ന ഈ അവസ്ഥയില്‍ ജനിച്ച കുട്ടികളൊന്നും ഇതുവരെ അധിക നാള്‍ ജീവിച്ചിട്ടില്ല. അതിനാല്‍ത്തന്നെ വൈദ്യശാസ്ത്രം വനെല്ലോപ്പിന്റെ ആരോഗ്യസ്ഥിതി വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണിപ്പോള്‍. യുകെയില്‍ ഇതാദ്യമാണ് ഒരു നവജാത ശിശുവിന് ഈവിധത്തിലൊരു ശസ്ത്രക്രിയ നടത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നോട്ടിംഹാമിലെ നയോമി ഫിന്‍ഡ്‌ലെ എന്ന 31 കാരിയും ഡീന്‍ വില്‍ക്കിന്‍സ് എന്ന 43 കാരനുമാണ് കുട്ടിയുടെ മാതാപിതാക്കള്‍.