ഓപ്പറേഷന് തിയ്യറ്ററില്‍ ജീവനക്കാരുടെ വാക്കേറ്റം അതിരുകടന്നതിനെ നവജാത ശിശു മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വേണ്ടി ഓപ്പറേഷന്‍ തിയ്യറ്ററില്‍ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍മാര്‍ പരസ്പരം വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും ജീവനക്കാരില്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളാണ് സംഭവം പുറത്തറിയുന്നതിന് കാരണമായത്.
വേദന കൊണ്ട് പുളഞ്ഞ് അബോധാവസ്ഥയിലായ യുവതിയെ തിരിഞ്ഞുനോക്കാതെയായിരുന്നു ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റം. സിസേറിയന് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് ഉടന്‍ തന്നെ മരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലായിരുന്നു സംഭവം. ഗര്‍ഭസ്ഥശിശുവിന്‍റെ ഹൃദയമിടിപ്പില്‍ വ്യതിയാനമുണ്ടായതോടെ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഉമൈദ് ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരായ ഡോ. അശോക് നൈന്‍വാല്‍, എംഎല്‍ ടാക് എന്നിവര്‍ തമ്മിലുള്ള വാക്കേറ്റമുണ്ടാകുന്നത്. ഓപ്പറേഷന് മുമ്പ് രോഗി ഭക്ഷണം കഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുക്കുന്നത്.
രണ്ട് ഡോക്ടര്‍മാരും പരസ്പരം പേരുവിളിച്ച് ആക്രോശിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതോടെ രണ്ട് ഡോക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.