ഈജിപ്റ്റ് : നടുവേദനയ്ക്കുള്ള ട്രാമഡോള്‍ എന്ന ഗുളിക കൈവശം സൂക്ഷിച്ചതിന് പിടിയിലായ ബ്രീട്ടീഷ് യുവതിയെ മരുന്ന് നല്‍കിയ സുഹൃത്തും കൈവിട്ടു. ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയനുഭവിക്കുന്ന ഇവരുടെ നില ഇതോടെ കൂടുതല്‍ പരുങ്ങലിലായി. ഈജിപ്റ്റില്‍ നിരോധനമുളള മരുന്ന് കൈവശം വെച്ചതിന് യുവതിയെ കുറ്റക്കാരിയായി കണ്ടെത്തി തടവിന് വിധിക്കുകയായിരുന്നു. ഈജിപ്റ്റിലേക്ക് വന്ന ലോറ പ്ലമ്മര്‍ എന്ന 33 കാരിയാണ് കുരുക്കിലായത്. ഒക്ടോബര്‍ 9 ന് ഈജിപ്റ്റിലെ ഹര്‍ഘട വിമാനത്താവളത്തിലായിരുന്നു സംഭവം. ട്രാമഡോള്‍ ഗുളികയ്ക്ക് ഈജിപ്റ്റില്‍ ഏറെക്കാലമായി നിരോധനമുണ്ട്. ഹെറോയിന്‍ പോലുള്ള ലഹരിമരുന്നിന്റെ ഗണത്തില്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തിയത്. ട്രാമഡോള്‍ കൈവശം വെയ്ക്കുന്നത് രാജ്യത്ത് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമായാണ് പരിഗണിക്കുന്നത്. എന്നാല്‍ മരുന്നിന് നിരോധനമുള്ള കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ലോറ പറയുന്നത്. തനിക്ക് മരുന്ന് നല്‍കിയ സുഹൃത്ത് ഡോണ ഇക്കാര്യം തന്നെ ധരിപ്പിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം ലോറയുടെ കുടുംബത്തെ ഡോണ കൈവിട്ടു. കേസില്‍ സഹായിക്കണമെന്ന കുടുംബത്തിന്റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ ഡോണ തയ്യാറായില്ല. ഇതോടെ ലോറ ശിക്ഷ പൂര്‍ത്തീകരിക്കേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. തങ്ങളോട് സംസാരിക്കാന്‍ പോലും ഡോണ കൂട്ടാക്കുന്നില്ലെന്ന് ലോറയുടെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി.ലോറ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമായിരുന്നു. അവധി ദിവസങ്ങളിലാണ് ഈജിപ്റ്റുകാരനായ ഭര്‍ത്താവിനെ കാണാന്‍ എത്തുന്നത്. ഭര്‍ത്താവിന്റെ നടുവേദന മാറ്റാനാണ് ലോറ പ്രസ്തുത മരുന്ന് വാങ്ങി ഈജിപ്റ്റിലേക്ക് പുറപ്പെട്ടത്. ഈജിപ്റ്റിലെ ദീര്‍ഘനാളത്തെ ചികിത്സ ഫലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. 290 ഗുളികകളാണ് ലോറയുടെ കയ്യിലുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ പിടിയിലായ യുവതിയെ ലഹരി മരുന്ന് കടത്ത് കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയായിരുന്നു. കെയ്റോയിലെ വനിത ജയിലിലാണ് ലോറയിപ്പോള്‍.
നടുവേദനയ്ക്കുള്ള മരുന്ന് കൈവശം വെച്ചതിന് ജയിലിലായ യുവതിയുടെ ഇപ്പോഴത്തെ സ്ഥിതിയിതാണ്
Tags: pain killer