സ്വന്തം ലേഖകൻ
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്‌സിൽ വനിതാ ഹോക്കി സെമിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ഹോക്കി താരമായ വന്ദന കതാരിയയുടെ കുടുംബാംഗങ്ങൾക്ക് നേരെ ജാതീയ അധിക്ഷേപം.ഹോക്കിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ഹരിദ്വാറിലെ റോഷൻബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ രണ്ടു പേർ വന്ദനയുടെ കുടുംബാംഗാങ്ങൾക്ക് നേരെ ജാതീയ അധിക്ഷേപം നടത്തുകയായിരുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട രണ്ടു പേർ വന്ദനയുടെ വീടിനു മുന്നിൽ തോൽവി പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നും ടീമിൽ കൂടുതൽ പേർ ദളിത് താരങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യ തോറ്റതെന്നു കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവം വളരെ വേദനിപ്പിച്ചെങ്കിലും ഇന്ത്യൻ ഹോക്കി ടീമിന്റെ പോരാട്ട വീര്യത്തിൽ ഏറെ അഭിമാനിക്കുന്നെന്നു വന്ദനയുടെ കുടുംബാംഗങ്ങൾ പൊലീസിനോടു പറഞ്ഞു.മത്സരം പരാജയപ്പെട്ട സങ്കടത്തിൽ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്.
വീട്ടിന് വെളിയിൽ വലിയതോതിൽ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തിൽ തന്നെയുള്ള ഉയർന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവർ നൃത്തം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാൻ വന്ദനയുടെ കുടുംബങ്ങൾ ശ്രമിതോടെ അവർ കൂടുതൽ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തി. ഹോക്കിയിൽ മാത്രമല്ല ഒരു കായിക ഇനത്തിലും ദലിതർക്ക് ജയിക്കാനാകില്ലെന്നും ഇവർ ആരോപിച്ചു. ഇത് തീർത്തും ജാതീയമായ ആക്രമണമാണ് വന്ദനയുടെ സഹോദരൻ ശേഖർ പറയുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നുമാണ് സിദ്ധ്കുൾ പോലിസ് സ്‌റ്റേഷൻ എസ്എച്ച്ഒ എൽഎസ് ബുട്ടോല അറിയിച്ചു. കസ്റ്റഡിയിലായ വ്യക്തിയുടെ പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.