ഫേസ്ബുക്കില്‍ പ്രവാചക നിന്ദയെന്ന് കിംവദന്തി; ബംഗ്ലാദേശില്‍ ഗ്രാമം കത്തിച്ചു

ധാക്ക: ഗ്രാമത്തിലെ യുവാവ് ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ടെന്ന കിംവദന്തിയില്‍ കലാപകാരികള്‍ ബംഗ്‌ളാദേശില്‍ ഗ്രാമം ചുട്ടെരിച്ചു. ആക്രമസക്തമായ ആയിരങ്ങള്‍ അടങ്ങിയ അക്രമിസംഘം വീടുകള്‍ ആക്രമിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമികള്‍ക്കെതിരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് വെടിവെയ്പ്പും ടീയര്‍ ഗ്യാസ് പൊട്ടിക്കലും റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിക്കലുമെല്ലാം ഉണ്ടായി. റാംഗ്പൂരിലെ ഹര്‍ക്കോളി തകുര്‍പ്പരയില്‍ ഇന്നലെയുണ്ടായ സംഭവത്തില്‍ 30 ലധികം വീടുകളാണ് അക്രമികള്‍ കത്തിച്ചു കളഞ്ഞത്. ഹബീബുര്‍ റഹ്മാന്‍ എന്നയാളാണ് മരണമടഞ്ഞത്. വെടിയേറ്റ് സാരമായി പരിക്കേറ്റ ഇയാള്‍ റാംഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 5 ന് ടിറ്റു ചന്ദ്ര റോയ് എന്നയാള്‍ നടത്തിയ പോസ്റ്റിന്റെ പേരിലായിരുന്നു കലാപമുണ്ടായത്. തൊട്ടടുത്ത ഗ്രാമമായ ലാല്‍ചന്ദ്രാപൂര്‍ ഗ്രാമത്തിലെ ഒരു വ്യാപാരിയായ അലാംഗിര്‍ ഹുസൈന്‍ എന്നയാള്‍ ഇതിനെതിരേ പോലീസില്‍ പരാതി നല്‍കി. കേസ് കൊടുത്ത അന്നു തന്നെ ഇരുപത്തഞ്ചോളം ആള്‍ക്കാര്‍ വരുന്ന സംഘം ലാല്‍ചന്ദര്‍പൂരിലെത്തി ഈ പോസ്റ്റിന്റെ കാര്യം ചര്‍ച്ച ചെയ്യുകയും നവംബര്‍ 10 ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഫേസ്ബുക്ക് വിഷയം വന്‍ വിവാദമാക്കി മാറ്റിയ ശേഷം റോഡ് തടയുകയും വാഹനങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് ഹോര്‍കോലി താകൂര്‍പുരയില്‍ വടിയും പന്തവുമൊക്കെയായി എത്തുകയും ടിറ്റുവിന്‍റെ വീട് ഉള്‍പ്പെടെ 20 ലധികം നശിപ്പിച്ച ശേഷം തീയിടുകയുമായിരുന്നു. അക്രമം രൂക്ഷമായതോടെ പോലീസ് ഇടപെടല്‍ ഉണ്ടാകുകയും അത് പിന്നീട് കലാപമായി മാറുകയുമായിരുന്നു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അബു റാഫയുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണത്തെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.

Top