പ്രായപൂര്‍ത്തിയാകാത്ത മകളുടെ കന്യാകാത്വം വില്‍പ്പനയ്ക്ക് വെച്ച സ്ത്രീക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി. ഒരു വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. വില്‍പ്പനയ്ക്ക് ഇടനില നിന്ന മറ്റ് മൂന്ന് സ്ത്രീകള്‍ക്കും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രധാന പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ് 17 വയസുള്ള മകളുടെ കന്യാകാത്വം വില്‍പ്പനയ്ക്ക് വെച്ചത്. തന്റെ സുഹൃത്തുക്കളെ ഇക്കാര്യം യുവതി അറിയിച്ചു. 50,000 ദിര്‍ഹവും സ്വര്‍ണ നെക്ലസും നല്‍കിയാല്‍ മകള്‍ക്കൊപ്പം ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നായിരുന്നു യുവതിയുടെ ഓഫര്‍.
സംഭവം അറിഞ്ഞ ഷാര്‍ജ പൊലീസ് കെണിയൊരുക്കി ഇവരെ കുടുക്കുകയായിരുന്നു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പണവുമായി ഒരാളെ ഇവരുടെ അടുത്തേക്ക് ഷാര്‍ജ പോലീസ് അയയ്ക്കുകയായിരുന്നു. സ്ത്രീയുടെ മൂന്ന് സഹായികള്‍ ഹോട്ടലില്‍ വെച്ച് പണം വാങ്ങി. പിന്നാലെ പോലീസ് മൂന്ന് സ്ത്രീകളെയും കുടുക്കി. ഇവരും ലൈംഗിക തൊഴിലാളികളാണ്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെയും പോലീസ് പിടികൂടി. ഹോട്ടലില്‍ പോകണമെന്നും പണം നല്‍കുന്നയാള്‍ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അമ്മ നിര്‍ബന്ധിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
വിചാരണ സമയം പ്രതികള്‍ കുറ്റസമ്മതം നടത്തി. മനുഷ്യക്കടത്ത്, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി ശിക്ഷ വിധിച്ചത്.