അംഗന്‍വാടി ടീച്ചറുടെ മരണത്തിന് പിന്നില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണിയെന്ന് ആരോപണം

കാസര്‍കോഡ്: മുസ്ലീം ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണിയില്‍ അംഗന്‍വാടി ടീച്ചര്‍ ആത്മഹത്യചെയ്തതായി പരാതി. ബദിയടുക്ക- ഏത്തടുക്കയിലെ അംഗന്‍വാടി ടീച്ചറായ ആയിഷ ജീവനൊടുക്കിയത് വനിതാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്നെന്ന് നാട്ടുകാര്‍. കഴിഞ്ഞ മാസം 24 നാണ് ആയിഷ വീട്ടില്‍ വച്ച് വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ കൊണ്ടുപോകവേ മരിച്ചത്. 30 കാരിയായ ആയിഷയെ കര്‍ണ്ണാടക സ്വദേശിയായ ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ചിരുന്നു.

അടുത്ത കാലത്ത് ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായി ആയിഷ അടുപ്പത്തിലാ യിരുന്നുവെന്നാണ് പറയുന്നത്. അവരുടെ ബന്ധുക്കള്‍ക്ക് ഇതില്‍ അനിഷ്ടമുണ്ടായിരുന്നു. അവരോടൊപ്പം ചേര്‍ന്ന് വനിതാ പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് രണ്ടു വനിതകളും ചേര്‍ന്ന് ആയിഷയെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആക്ഷേപം. ഇതാണ് ആയിഷയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് ആരോപണമുയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആറ് വര്‍ഷക്കാലമായി മുനിയൂരിലെ അംഗന്‍വാടി ടീച്ചറായി ജോലി ചെയ്തു വരികയാണ് ആയിഷ. അംഗന്‍വാടി പരിധിയിലുള്ള വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കും ആയിഷ പ്രിയങ്കരിയായിരുന്നു. എല്ലാവരോടും സൗഹൃദ സമീപനം പുലര്‍ത്തുന്ന ആയിഷയുടെ മരണം ഇന്നും അവര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. ഏത്തടുക്കയിലെ മൊയ്തീന്റേയും അവ്വമ്മയുടേയും മകളാണ് മരണമടഞ്ഞ ആയിഷ.

ആയിഷ ജീവനൊടുക്കുന്നതിന് രണ്ടു ദിവസം മുമ്പ് പഞ്ചായത്ത് പ്രസിഡണ്ടിന്റേയും കുടുംബത്തിന്റേയും പീഡനവും ഭീഷണിയും മൂലം തനിക്ക് ജീവിക്കാന്‍ കഴിയാതായിരിക്കയാണെന്ന് പ്രദേശത്തെ ഒരു പൊതുപ്രവര്‍ത്തകനോട് ആയിഷ പറഞ്ഞതായ വിവരം പുറത്തുവന്നിട്ടുണ്ട്. ആയിഷ തന്നെ ഇക്കാര്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനോടും പറഞ്ഞിരുന്നു.

മുസ്ലിം ലീഗുകാരിയായ വനിതാ പഞ്ചായത്ത് പ്രസിഡണ്ട് പഞ്ചായത്ത് വാഹനത്തില്‍ അംഗന്‍വാടിയിലെത്തി ആയിഷയെ ഭീഷണിപ്പെടുത്തിയതായും അംഗന്‍വാടിയിലെ ജോലി രാജിവക്കാന്‍ നിര്‍ബന്ധിച്ച് വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിയതായും ആയിഷ പരാതിയില്‍ പറഞ്ഞതായാണ് വിവരം. കഴിഞ്ഞ നവംബര്‍ മൂന്നാം തീയ്യതി അംഗന്‍വാടിയില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് കാറിലെത്തിയ മുഖംമൂടി സംഘം തടഞ്ഞു നിര്‍ത്തി ആഭരണങ്ങള്‍ പൊട്ടിച്ചെടുത്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. എ.ടി.എം. കാര്‍ഡും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി വാങ്ങുകയും ആയിഷയുടെ അക്കൗണ്ടില്‍ നിന്ന് 30,000 രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മൂന്നുതവണ ആയിഷക്കു നേരെ അക്രമം നടന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്.

ആയിഷ ജീവനൊടുക്കാനിടയായ ഭീഷണിക്ക് പിറകില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിഷയുടെ മാതാപിതാക്കളും ജില്ലാ പൊലീസ് ചീഫ് തോംസ് ജോസിന് പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇക്കാര്യത്തില്‍ പൊലീസ് നടപടിയുണ്ടായില്ലെങ്കില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു രംഗത്തിറങ്ങുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top