മലയാള സിനിമയില്‍ ചില അറംപറ്റലുകള്‍ മലയാളിക്കു സമ്മാനിച്ചത് വേര്‍പ്പാടിന്റെ വേദന മാത്രമല്ല, ഒരിക്കലും നികത്താനാവാത്ത കനത്ത നഷ്ടം കൂടിയാണ്. ആ അറംപറ്റലുകളുടെ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായി മാറിയിരിക്കുകയാണ ചിരിച്ചമുഖത്തോടെ മാത്രം മലയാളികള്‍ കണ്ടിരുന്ന പ്രിയപ്പെട്ട കല്‍പ്പന.
മലയാളി മനസില്‍ എന്നും കണ്ണീരോര്‍മ്മയായി മാത്രം അവശേഷിച്ചിരുന്ന ഒരു വലിയ അറംപറ്റലായിരുന്നു മോനിഷ. തന്റെ അവസാന ചിത്രമായ ചമ്പക്കുളം തച്ചനില്‍ ഭര്‍ത്താവിന്റെ കൈകൊണ്ടു കൊല്ലപ്പെടുന്ന മോനിഷ.. മലയാളം കണ്ട മികച്ച സൗന്ദര്യധാമം. കണ്ണുകളില്‍ നാടന്‍ പെണ്‍കൊടിയുടെ ശാലീനഭാവം ഒളിപ്പിച്ചവള്‍.. ചുരുക്കംചില സിനിമകളുടെ നഖക്ഷതങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ ഹൃദയത്തില്‍ രക്തം ചീന്തിയവള്‍.. റോഡ് അപകടത്തിന്റെ പേരിലെത്തിയ ദുരന്തം മോനിഷയുടെ ജീവനെടുക്കുമ്പോള്‍ തീയറ്ററില്‍ ചമ്പക്കുളം തച്ചനിലെ ക്രൂരമായ കൊലപാതകസീന്‍ പകര്‍ന്നാടുകയായിരുന്നു.
അരനൂറ്റാണ്ടോളം മലയാള സിനിമയ്ക്കുവേണ്ടി മാറ്റി വച്ച സോമനെ അവസാന ചിത്രത്തിലൂടെയല്ലാതെ മലയാളിക്കു ഓര്‍മ്മാന്‍ അധികമൊന്നും വേണ്ട. ആയിരത്തിലേറെ സിനിമയുടെ പകിട്ടു പറയാനുണ്ടെങ്കിലും ആനക്കാട്ടില്‍ ഈപ്പച്ചനോളം മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു കഥാപാത്രം സോമന്റെ ജീവിതത്തിന്റെ യവനികയില്‍ ഉണ്ടായിട്ടില്ല. നേരാ തിരുമേനി… പറഞ്ഞ് സോമന്‍ തിരശീലയില്‍ നിന്നു വിടവാങ്ങുകയായിരുന്നു. കത്തിക്കയറിയ ആ അഭിനയ പ്രതിഭ.. മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിന്നീടൊരിക്കലും കയറിയില്ല. ലേലത്തിനു ശേഷം തന്റെ ജീവിതത്തിന്റെ മുഖത്തെ ചായം അഴിച്ചു മാറ്റി സോമന്‍ മടങ്ങുകയായിരുന്നു.
ജോക്കറില്‍ തന്റെ ജീവിതത്തിന്റെ പകര്‍ന്നാട്ടം പൂര്‍ത്തിയാക്കി, മുഖത്തെ ചായത്തോടു കൂടി തന്നെ മരിക്കാനായിരുന്നു ബഹദൂറിനും ഇഷ്ടം. ചിത്രം പൂര്‍ത്തിയാകും മുന്‍പ് വിട പറഞ്ഞ ബഹദൂര്‍ ആ ചിത്രത്തിലും ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ദുശകുനങ്ങളുടെ കഥ മാത്രം പറയാനുള്ള ചിത്രമാണ് ജയറാം നായകനായ ദികാര്‍. ആദ്യന്തം അപശകുനങ്ങള്‍ മാത്രം നിറഞ്ഞ ചിത്രത്തിന്റെ ഏറ്റവും ഒടുവില്‍ സിനിമയിലേതു പോലെ തന്നെ നായകനും വില്ലനും ആയത് ആ കാറായിരുന്നു. സിനിമാ സംവിധാനയകന്റെ ജീവിതം ആ കാറോടു കൂടി അവസാനിച്ചു. ഇതേ കാറിടിച്ചുണ്ടായ ആപകടത്തിലാണ് സംവിധായകന്‍ മരിച്ചത്.
വര്‍ഷങ്ങളോളം വിലക്കില്‍പ്പെട്ട മാറ്റി നിര്‍ത്തപ്പെട്ട മലയാളത്തിന്റെ മഹാടന്‍ തിലകന്‍ സിനിമയിലേയ്ക്കു മടങ്ങിയെത്തി ജീവിതത്തില്‍ നിന്നു മടങ്ങാന്‍ വേണ്ടി മാത്രമായിരുന്നു രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി പുറത്തു വന്നത്. തകര്‍പ്പന്‍ അഭിനയത്തിലൂടെ പ്രേക്ഷകനെക്കൊണ്ടു ഇതുവരെ എവിടെയായിരുന്നു എന്നു തിലകന്‍ ചോദിപ്പിച്ചപ്പോഴേയ്ക്കും അദ്ദേഹം തന്റെ ജീവിതത്തിനും തിരശീലയിട്ടിരുന്നു. ഏറ്റവും ഒടുവില്‍ ചാര്‍ളിയിലെ അവസാന മരണസീനും അഭിനയിച്ചു തീര്‍ത്ത് കല്‍പനയും മടങ്ങുമ്പോള്‍, ബാക്കിയാകുന്നത് ഏറെ ചോദ്യങ്ങളാണ്.