ഡബ്സ്മാഷുകളുടെ കാലമാണിത്. പ്രിയതാരങ്ങളുടെ ഫേവറിറ്റ് ഡയലോഗുകള്‍ക്ക് ചുണ്ടനക്കാന്‍ മല്‍സരിക്കുകയാണ് ആരാധകര്‍. അവിടെയും തീര്‍ന്നില്ല മികച്ചതെന്നു തോന്നിയാല്‍ അതപ്പോള്‍ തന്നെ സമൂഹമാധ്യമത്തിലും പങ്കുവെക്കും, പിന്നെ വൈറലാക്കേണ്ട കാര്യം എളുപ്പമാകും. ഫെയ്സ്ബുക്കില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഡബ്സ്മാഷ് കാണുന്നവരെല്ലാം ഒരുപോലെ പറയുന്നൊരു കാര്യമുണ്ട്, ‘ഡബ്സ്മാഷ് ഒരു അദ്ഭുതമായി തോന്നിയത് ഇപ്പോഴാണ്’ എന്നാണത്. അതെ, അത്രയ്ക്കുണ്ട് ആ മുഖത്തെ ഭാവമാറ്റങ്ങള്‍. തേന്മാവിന് കൊമ്പത്ത് എന്ന ചിത്രത്തില്‍ ശോഭനയും മോഹന്‍ലാലും വഴക്കിടുന്ന രംഗം ഒട്ടേറെ പേര് ഡബ്സ്മാഷ് ചെയ്തു നാം കണ്ടിട്ടുണ്ടെങ്കിലും മരിയ എന്ന ഈ മിടുക്കി ചെയ്തതു കണ്ടാല്‍, ഇതുവരെ കണ്ടതൊന്നും ഒന്നുമല്ലെന്നു തോന്നും. കാര്ത്തുമ്പിയുടേതു പോലെ അണിഞ്ഞൊരുങ്ങി ശോഭന അവതരിപ്പിച്ച അതേ ചടുലതയോടെയാണ് മരിയയും ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. അഭിനേത്രിമാരെപ്പോലും വെല്ലുംവിധത്തിലാണ് ഭാവമാറ്റങ്ങള്‍.
എന്തായാലും മരിയയുടെ ഡബ്സ്മാഷിന് ആരാധകരേറെയായി കഴിഞ്ഞിരിക്കുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും മരിയയുടെ ഡബ്സ്മാഷ് നന്നേ പിടിച്ചിട്ടുണ്ട്. താന്‍ ഡബ് ചെയ്തത് ഈ കുട്ടിക്കാണോ അതോ ശോഭനയ്ക്കാണോ എന്നു സംശയം തോന്നുന്നുവെന്നു പറഞ്ഞാണ് ഭാഗ്യലക്ഷ്മി വീഡിയോ പങ്കുവച്ചത്. പതിനായിരത്തില്‍പ്പരം ലൈക്കുകളും അയ്യായിരത്തിനടുത്ത് ഷെയറുകളുമായി വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഗായികമാരായ സിതാര കൃഷ്ണകുമാറും രാജലക്ഷ്മിയുമൊക്കെ മിടുക്കിക്കുട്ടിക്ക് പിന്തുണയുമായി വീഡിയോ പങ്കുവച്ചിരുന്നു. അധികം വൈകാതെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇടം പിടിക്കാനുള്ള എല്ലാ ഭാവിയും കാണുന്നുണ്ടെന്നാണ് വിഡിയോയുടെ താഴെ പലരും കമന്റ് ചെയ്യുന്നത്.