തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുഴുവന്‍ ഒരേ കമ്പനിയുടെ പെയിന്റ് അടിക്കാനുള്ള മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശത്തിലൂടെ 500 കോടി രൂപയുടെ അഴിമതി നടന്നതായി ആരോപണം. ബഹ്റയുടെ ഉത്തരവിനെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് ഇത്രയും വലിയ തുകയുടെ അഴിമതി നടന്നതായി ആരോപിക്കുന്നത്.
പരാതി ഫയില്‍ സ്വീകരിച്ച കോടതി എന്തിനാണ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേ നിറം നല്കുന്നതെന്നുപോലും ചോദിച്ചു. ഇത്തരം നിറം കൊടുക്കുകയാണെങ്കില്‍ അതു സാധാരണക്കാരന്‍ നിത്യവും സന്ദര്‍ശനം നടത്തുന്ന റേഷന്‍ കടകള്‍ക്കല്ലേ നല്‍കേണ്ടതെന്നും കോടതി ചോദിച്ചു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പാണ് അഞ്ഞൂറോളം സ്റ്റേഷനുകളില്‍ ഒരു കമ്പനിയുടെ ഒലീവ് ബ്രൗണ്‍ നിറം പെയിന്റ് അടിക്കണമെന്ന സര്‍ക്കുലര്‍ ബെഹ്റ ഇറക്കിയത്. എന്നാല്‍ ഇത്തരം സര്‍ക്കുലര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ പുറപ്പെടുവിക്കാന്‍ കഴിയുമോ, ഉത്തരവു നല്‍കുന്ന സമയത്തു ബെഹ്റ സംസ്ഥാന ഡിജിപി ആയിരുന്നോ എന്നും കോടതി ചോദിച്ചു. വിശദീകരണം നല്‍കാന്‍ വിജിലന്‍സിനോടു നിര്‍ദേശിച്ചു.
കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനും നിര്‍മ്മിതി കേന്ദ്രവും നിലവിലുള്ളപ്പോള്‍ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് പെയിന്റിങ് കരാര്‍ നല്‍കിയതില്‍ 500 കോടിയുടെ അഴിമതി നടന്നതായാണു പായിച്ചറ നവാസിന്റെ ഹര്‍ജിയിലെ ആരോപണം. കേസ് 20നു കോടതി പരിഗണിക്കും.അതേസമയം, ഇത്തരമൊരു ഉത്തരവു പുറപ്പെടുവിക്കുന്ന സമയത്ത് ബെഹ്‌റ പൊലീസ് മേധാവിയായിരുന്നോ എന്ന സംശയം കോടതി ഉന്നയിച്ചിട്ടുണ്ട്. ഡിജിപി ടി.പി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ച ഏപ്രില്‍ 24നു ശേഷമാണ് ബെഹ്‌റ വിവാദ നിര്‍ദ്ദേശം നല്‍കിയത്. അതായത് പൊലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു തൊട്ടുമുന്‍പ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഹ്‌റയ്ക്ക് അധികാരമുണ്ടോയെന്നാണ് കോടതി ആരാഞ്ഞു.
പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക നിറത്തിലുള്ള പെയിന്റടിക്കുന്നതിന് ബെഹ്‌റ പേരെടുത്ത് പറഞ്ഞ കമ്പനിയുമായി അദ്ദേഹത്തിന് എന്തു ബന്ധമാണുള്ളതെന്നും കോടതി ചോദിച്ചു. ഒരു പ്രത്യേക കമ്പനിയുടെ പേരെടുത്ത് പറഞ്ഞ് പൊലീസ് മേധാവിയെന്ന നിലയില്‍ ഉത്തരവു പുറപ്പെടുവിച്ച ബെഹ്‌റയുടെ നടപടി തെറ്റല്ലേയെന്നും കോടതി ചോദിച്ചു.അതേസമയം, എല്ലാ സ്റ്റേഷനിലും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാന്‍ സെന്‍കുമാര്‍ ആദ്യം പൊലീസ് മേധാവി ആയിരുന്നപ്പോഴാണു തീരുമാനം എടുത്തതെന്നാണു ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയ വിശദീകരണം. എന്നാല്‍ ഇത് സെന്‍കുമാര്‍ തള്ളി. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നു സെന്‍കുമാര്‍ വ്യക്തമാക്കി.
2015ല്‍ പ്രധാനമന്ത്രി വിളിച്ച ഡിജിപിമാരുടെ യോഗത്തില്‍ എടുത്ത പല തീരുമാനങ്ങളില്‍ ഒന്നു മാത്രമാണത്. അടിസ്ഥാനസൗകര്യം ഉള്‍പ്പെടെ നവീകരിക്കാന്‍ ഓരോ സ്റ്റേഷനും മൂന്നുകോടി രൂപ വീതം അനുവദിക്കണമെന്ന് അന്നു സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഒരു പൈസ പോലും ലഭിച്ചില്ല. പിന്നീടു ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.