സിനിമാ ഡെസ്‌ക്
ചെന്നൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം വീണ്ടും കോടതികയറാനൊരുങ്ങുന്നു. ഒരു സമുദായത്തെ അപമാനിക്കുന്ന രീതിയിലുള്ള ഡയലോഗ് ചിത്രത്തിലുണ്ടെന്നു കാട്ടി ആന്ധ്രയിലെ ഒരു സമുദായമാണ് ഇപ്പോൾ കട്ടപ്പയായി അഭിനയിച്ച സത്യരാജിനും സംവിധായകൻ എസ്.എസ് രാജമൗലിയ്ക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.
ചിത്രത്തിലെ വംശീയ വെറിയും, വർണ വിവേചനവും നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടെയാണ് കണ്ണവം കാട് നശിപ്പിച്ചതിനെതിരെ പ്രകൃതി സ്‌നേഹികളുടെ ഭാഗത്തു നിന്നും വിവാദം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആന്ധ്രയിലെ ഒരു വിഭാഗം ജാതി സംഘടനകൾ തങ്ങളെ അപമാനിക്കുന്ന ഡയലോഗ് ചിത്രത്തിലുണ്ടെന്ന വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്
ആന്ധ്രയിലെ കതിക സമുദായത്തെ സിനിമയിലൂടെ അപമാനിച്ചുവെന്നാണ് കേസ്. ആട്ടിൻ മാംസം വിൽപന വിറ്റു ജീവിക്കുന്ന സമുദായമാണ് കതിക. ബാഹുബലിയുടെ രണ്ടാം ഭാഗത്തിൽ ഇടവേളയ്ക്ക് ശേഷം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം കതിക സമുദായത്തെ അപമാനിക്കുന്ന സംഭാഷണം പറയുന്നുണ്ടെന്നാണ് കതിക സമുദായ സംരക്ഷണ സമിതി പറയുന്നു. ഇതിനെതിരെയാണ് പൊലീസിൽ പരാതി നൽകിയത്. സംവിധായകനെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കൂടാതെ വിവാദ ഡയലോഗ് നീക്കണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിനും പരാതി നൽകിയിട്ടുണ്ട്.