ഹൈദരാബാദ്: രാജ്യം കൊടും ചൂടില്‍ വെന്തുരുകിയതോടെ സിനിമാ വ്യാവസായവും പ്രതിസന്ധിയിലാകുന്നു. പലയിടത്തും സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തി വച്ചു.ഏറ്റവുമൊടുവില്‍ രാജമൗലിയുടെ ബാഹുബലി രണ്ടാഭാഗവും ചൂട് വില്ലനായതോടെ ചിത്രീകരണം അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ആന്ധ്രയിലും തെലങ്കാനയിലും 45 ഡിഗ്രിയാണ് ചൂട്. ചൂട് കൂടിയതോടെ സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി. ഒരു മാസത്തേക്ക് സിനിമയുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ രാജമൗലി തീരുമാനിച്ചു.
മോശം കാലവസ്ഥ ബാഹുബലിയുടെ ആദ്യ പതിപ്പിനെയും ബാധിച്ചിരുന്നു. വമ്പന്‍ സെറ്റുകളൊരുക്കി ചിത്രീകരിക്കുന്ന ഇത്തരം സിനിമകളുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കുന്നത് ചെലവ് വര്‍ദ്ധിപ്പിക്കും. അതോടൊപ്പം താരങ്ങളുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളും പ്രതിസന്ധി സൃഷ്ടിക്കും. എന്നാല്‍ ഒരു തരത്തിലും സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വന്നതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
ആന്ധ്രയിലും തെലങ്കാനയിലും നിരവധി ആളുകളാണ് സൂര്യതാപത്തെ തുടര്‍ന്ന് മരണപ്പെട്ടത്. അതു കൊണ്ട് തന്നെ വെയിലുള്ള സമയങ്ങളില്‍ ജോലി ചെയ്യുന്നതും ആളുകള്‍ പുറത്തിറങ്ങുന്നതും ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ മേഖലയിലെ ജോലി സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം 14ന് ബാഹുബലി 2 തീയേറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയിലെ ചില രംഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു.